Source: ANI
CRICKET

സഞ്ജുവിൻ്റെ തോളിലേറി വാങ്കഡെയിൽ ചെന്നൈയുടെ മുംബൈ വധം; മുംബൈയെ തകർത്തത് 103 റൺസിന്

ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈയെ സ്വന്തം തട്ടകത്തിൽ തകർത്ത് ചെന്നൈ...

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈയെ സ്വന്തം തട്ടകത്തിൽ തകർത്ത് ചെന്നൈ. വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ 103 റൺസിന് തോൽപ്പിച്ചു. 208 റൺസ് പിന്തുടർന്ന മുംബൈയെ 104 റൺസിന് ചെന്നൈ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു.

54 പന്തിൽ നിന്ന് 100 റൺസ് നേടിയ സഞ്ജു സാംസണിൻ്റെ മിന്നും പ്രകടനമായിരുന്നു വാങ്കഡെയിൽ ചെന്നൈയ്ക്ക് ഇന്നിങ്സിന് കരുത്തായത്. പുറത്താകാതെ 101 തികച്ച സഞ്ജുവിൻ്റെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി കടത്തിയായിരുന്നു സഞ്ജുവിൻ്റെ തകർപ്പൻ സെഞ്ച്വറി. മഞ്ഞക്കുപ്പായത്തിൽ സീസണിലെ രണ്ടാം സെഞ്ച്വറിയാണ് സഞ്ജു നേടിയത്. സഞ്ജു കഴിഞ്ഞാല്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

ചെന്നൈ ബൗളർമാർ തുടക്കം മുതൽ തന്നെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. സ്പിൻ താരങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിൻ്റെ നീക്കങ്ങൾ മികച്ച രീതിയിൽ ഫലം കണ്ടു. ചെന്നൈക്ക് വേണ്ടി അക്കീൽ ഹൊസൈൻ നാലും നൂർ അഹമ്മദിന് രണ്ടും വിക്കറ്റ് നേടി.

മുംബൈയുടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഏറ്റുവാങ്ങിയത്. 29 പന്തില്‍ 37 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 36 റണ്‍സെടുത്തപ്പോള്‍ മറ്റ് മുംബൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ചെന്നൈ പോയിൻ്റ് പട്ടികയിൽ അഞ്ചാമതെത്തിയപ്പോൾ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണു.

SCROLL FOR NEXT