

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കത്തിക്കയറി സഞ്ജു സാംസൺ. 54 പന്തിൽ നിന്ന് 100 തികച്ചാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്. ഐപിഎല്ലിൽ സഞ്ജുവിൻ്റെ അഞ്ചാം സെഞ്ച്വറി കൂടിയാണിത്. പുറത്താകാതെ 101 തികച്ച സഞ്ജുവിൻ്റെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസാണ് നേടിയത്.
ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി കടത്തിയായിരുന്നു സഞ്ജുവിൻ്റെ തകർപ്പൻ സെഞ്ച്വറി. അവസാന ഓവറിൽ സെഞ്ച്വറിയ്ക്ക് വെറും 15 റൺസ് മാത്രമുള്ളപ്പോൾ സിംഗിളുകൾ ഒഴിവാക്കി രണ്ടു സിക്സും ഒരു ഫോറും മാത്രമെടുത്താണ് സെഞ്ച്വറിയിലേക്കെത്തിച്ചത്. ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്താൻ സഹായിച്ചതും സഞ്ജുവിൻ്റെ വൺ മാൻ ഷോയായിരുന്നു.
സഞ്ജുവിനെ കൂടാതെ 22 റൺസെടുത്ത് റിതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയ്ക്കായി മികച്ച സ്കോർ നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റൻ റിതുരാജാണ് ചെന്നൈയ്ക്ക് വേഗത്തിൽ സ്കോർ നേടിയത്. 21 റൺസ് നേടി ബ്രവിസും, 18 റൺസ് നേടി കാർത്തിക് ശർമയും, 15 റൺസെടുത്ത ജാമി ഓവർടണും ചെന്നൈയുടെ സ്കോർ ഉയർത്തുന്നതിൽ സഞ്ജുവിനൊപ്പം തന്നെ നിന്നു.