CRICKET

ഐപിഎൽ മിനി താരലേലം: 2026 സീസണിൽ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് വിലക്ക്, വിദേശികൾക്ക് കടുത്ത നിബന്ധനകൾ

ഇനി 77 കളിക്കാരെ കൂടി മാത്രമെ ഐപിഎൽ ടീമുകൾക്ക് കൂട്ടിച്ചേർക്കാൻ സാധ്യതയുള്ളൂ.

Author : ന്യൂസ് ഡെസ്ക്

അബുദാബി: ഇത്തവണ ഐ‌പി‌എൽ 2026 മിനി താരലേലം ഡിസംബർ 16ന് അബുദാബിയിൽ വച്ചാണ് നടക്കുന്നത്. ആകെ 77 താരങ്ങൾക്കാണ് ലേലത്തിന് അവസരമുള്ളത്. പുതിയ സീസണിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളും ചേർന്ന് 173 കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. അതിനാൽ ഇനി 77 പേരെ കൂടി മാത്രമെ കൂട്ടിച്ചേർക്കാൻ സാധ്യതയുള്ളൂ.

2026 സീസണിലേക്ക് വിദേശ താരങ്ങളിൽ ആന്ദ്രെ റസ്സൽ, ഗ്ലെൻ മാക്സ്‌വെൽ, ഡേവിഡ് മില്ലർ തുടങ്ങിയ പരിചയസമ്പന്നരായ ടി20 താരങ്ങൾ ഇപ്പോഴും സെലക്ഷന് അർഹരാണ്. എങ്കിൽ നിരവധി പ്രശസ്ത വിദേശ കളിക്കാർക്ക്, അവർ ആഗ്രഹിച്ചാൽ പോലും മിനി ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ബിസിസിഐയുടെ പുതിയ നിയമങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിന് മുന്നോടിയായി, ബിസിസിഐ രണ്ട് പ്രധാന നിയന്ത്രണ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു.

1. വിദേശ കളിക്കാർക്ക് നിർബന്ധിത രജിസ്ട്രേഷൻ

എല്ലാ വിദേശ ക്രിക്കറ്റ് കളിക്കാരും ഐപിഎൽ മെഗാ താരലേലത്തിൽ രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും ഒരു കളിക്കാരൻ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അടുത്ത സീസണിലെ ലേലത്തിന് അയാൾ സ്വാഭാവികമായി അയോഗ്യനാക്കപ്പെടും.

2. വാങ്ങിയതിന് ശേഷം പിന്മാറുന്നതിന് രണ്ട് വർഷത്തെ വിലക്ക്

ലേലത്തിൽ വാങ്ങിയ ശേഷം ടൂർണമെൻ്റിൽ നിന്ന് പിന്മാറുന്ന ഏതൊരു കളിക്കാരനും ലേല പ്രക്രിയയിൽ നിന്നും ഐ‌പി‌എല്ലിൽ പങ്കെടുക്കുന്നതിൽ നിന്നും രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വരും.

2026 ഐപിഎൽ ലേലത്തിൽ നിന്ന് മൂന്ന് കളിക്കാരെ വിലക്കി

1. ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 2025ലെ മെഗാ താരലേലത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നത് ജോലിഭാരം ലഘൂകരിക്കുന്നതിനും ഇംഗ്ലണ്ട് ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടിയായിരുന്നു. തൽഫലമായി ഐപിഎൽ 2026 മിനി ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്റ്റോക്സിന് ഇപ്പോൾ വിലക്കുണ്ട്.

2. ഹാരി ബ്രൂക്ക്

കുടുംബത്തിൽ ഒരാളുടെ മരണം കാരണം ഹാരി ബ്രൂക്ക് 2024 ഐപിഎൽ സീസണിൽ നിന്ന് പിന്മാറിയിരുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 6.25 കോടിക്ക് ഇംഗ്ലീഷ് സൂപ്പർ താരത്തെ വാങ്ങിയ ശേഷം, അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം വീണ്ടും പിന്മാറിയിരുന്നു. അതിനാൽ ബിസിസിഐയുടെ പുതിയ നിയമങ്ങൾ പ്രകാരം 2026ലെ മിനി ലേലത്തിന് ബ്രൂക്ക് യോഗ്യനല്ല.

3. ജേസൺ റോയ്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറായ ജേസൺ റോയിയും വ്യക്തിപരമായ കാരണങ്ങളാൽ 2024 ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. കൂടാതെ 2025ലെ മെഗാ ലേലത്തിലും താരം രജിസ്റ്റർ ചെയ്തില്ല. കഴിഞ്ഞ വർഷത്തെ രജിസ്ട്രേഷൻ പട്ടികയിലെ ജേസൺ റോയിയുടെ അഭാവം കാരണം ഐപിഎൽ 2026 മിനി ലേലത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല.

SCROLL FOR NEXT