CRICKET

IPL 2026 | സ്വന്തം തട്ടകത്തിൽ കൊൽക്കത്തയ്ക്ക് എതിരെ ജയിച്ചു തുടങ്ങാനൊരുങ്ങി മുംബൈ ഇന്ത്യൻസ്

മുംബൈ വാംഖഡെയിൽ രാത്രി ഏഴരയ്ക്കാണ് സൂപ്പർ പോരാട്ടം

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഐപിഎൽ പത്തൊമ്പതാം സീസണിൽ ജയത്തോടെ തുടങ്ങാൻ മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിൽ ഇന്ന് ഇറങ്ങുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മുംബൈയുടെ എതിരാളികൾ. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലേക്കെത്താൻ സാധിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ കൊൽക്കത്തയെ നേരിടാനെത്തുന്നത്.

കെകെആറിനെതിരായ മത്സരത്തിന് മുന്നോടിയായി വിൽ ജാക്ക്സ്, മിച്ചല്‍ സാൻ്റ്‌നര്‍ എന്നിവർ ഇതുവരെയും മുംബൈ ടീമിനൊപ്പം ചേർന്നിട്ടില്ല. ഇവരുടെ അഭാവം ടീമിന് തിരിച്ചടിയായേക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്കായി മിച്ചല്‍ സാൻ്റ്നർ നാട്ടിലേക്ക് മടങ്ങിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത താരം മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു. എന്നാൽ ന്യൂസിലൻഡ് നായകൻ ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

മികച്ച താരങ്ങളെ ടീമിലെത്തിച്ച് കരുത്തു കൂട്ടിയാണ് കെകെആർ ഇത്തവണ എത്തുന്നത്. മുംബൈ വാംഖഡെയിൽ രാത്രി ഏഴരയ്ക്കാണ് സൂപ്പർ പോരാട്ടം. ഇന്നലത്തെ മത്സരത്തിൽ ആർസിബി സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തിരുന്നു.

ജസ്പ്രീത് ബുമ്ര കളിക്കുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലുള്ള സെൻ്റർ ഓഫ് എക്സലൻസിൽ ബുമ്ര പരിശീലനം നടത്തിയിരുന്നു. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ബിസിസിഐ തയാറാക്കിയ സ്ട്രക്ച്ചർ വർക്ക് ലോഡ് മാനേജ്‌മെൻ്റ് പ്രോഗ്രാമിൽ പങ്കെടുത്താണ് സ്റ്റാർ പേസർ മടങ്ങിയത്.

SCROLL FOR NEXT