മുംബൈ: എം.എസ്.ധോണി ഇനി ഒരിക്കൽകൂടി പാഡ് കെട്ടുമോ? അതോ അവസാനമത്സരം കളിച്ചുകഴിഞ്ഞോ? ഐപിഎൽ 2027 ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പേര് ഇന്നറിയാം. ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥന്മാരിലൊരാൾ ഇനി കളിക്കുമോ എന്നതും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ധോണി കളിക്കുന്ന ഏക ടൂർണമെന്റും ഐപിഎൽ മാത്രമാണ്. എന്നാൽ ഇത്തവണ ഐപിഎല്ലിന് തുടക്കമാകുമ്പോൾ ഇതിഹാസത്തിന്റെ പ്രായം നാല്പത്തിയഞ്ചാകും.
ക്രിക്കറ്റ് പോലെ ഫിറ്റ്നസിനും ഗെയിംടൈമിനും പ്രാധാന്യമുള്ള കായികഇനങ്ങളിലൊന്നിൽ ധോണിക്ക് ബാല്യമുണ്ടോ എന്നതാണ് സംശയമുയർത്തുന്നത്. തുടർച്ചയായ പരിക്കുകൾ അവസാന സീസണുകളിൽ ധോണിയെ തളർത്തിയിരുന്നു. പലപ്പോഴും വാലറ്റത്തിനും ശേഷമാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയിരുന്നത്. കൂടാതെ സഞ്ജു സാംസണിൽ പറ്റിയ പകരക്കാരനെ ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചിരിക്കുന്നുവെന്നതും ധോണിയില്ലാതെ മുന്നോട്ട് പോകാൻ ചെന്നൈയെ പ്രാപ്തമാക്കും എന്ന നിരീക്ഷണവുമുണ്ട്.
ലേലത്തിന് മുമ്പ് ടീമുകൾ സമർപ്പിക്കേണ്ട താരങ്ങളുടെ 'നിലനിർത്തൽ പട്ടിക'യിൽ എംഎസ് ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമിടംപിടിക്കുമോ എന്നതാണ് ഓരോ ക്രിക്കറ്റ് ആരാധകരുടെയും കാത്തിരിപ്പിന് മുൾമുനയേകുന്നത്.