റായ്പൂർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആർസിബി) ബുധനാഴ്ച നടന്ന മത്സരത്തിൽ മിന്നൽ ക്യാച്ചുമായി കെകെആർ താരം മനീഷ് പാണ്ഡെ. കെകെആർ ഉയർത്തിയ 193 റൺസ് വിജയ ലക്ഷ്യം ആർസിബി പിന്തുടരുന്നതിനിടെ, കാർത്തിക്ക് ത്യാഗിയുടെ പന്തിൽ ബാക്ക്‌വേർഡ് പോയിൻ്റിലേക്ക് ടിം ഡേവിഡ് കളിച്ച ഒരു കട്ട് ഷോട്ട് ഇടത് വശത്തേക്ക് ഡൈവ് ചെയ്തുകാെണ്ട് മനീഷ് പാണ്ഡെ അവിശ്വസനീയമാം വിധത്തിൽ ഒറ്റക്കൈയ്യിൽ ഒതുക്കുകയായിരുന്നു. 'ഐപിഎൽ 2026ലെ ഏറ്റവും മികച്ച ക്യാച്ച്' എന്നാണ് കമൻ്റേറ്റർമാർ ഇതിനെ വിശേഷിപ്പിച്ചത്.
മനീഷ് പാണ്ഡെയുടെ ഫീൽഡിങ് മികവ് കണ്ട് കെകെആർ താരങ്ങളോടാെപ്പം തന്നെ നോൺ സ്ട്രൈക്കർ എൻഡിൽ സ്തബ്ധനായി നിന്ന വിരാട് കോഹ്‌ലിയുടെ കാഴ്ചയും ശ്രദ്ധേയമായിരുന്നു. ക്യാച്ചിന് ശേഷം വിരാട് മനീഷ് പാണ്ഡെയുടെ അടുത്തേക്ക് ചെന്ന് അഭിനന്ദിച്ചിരുന്നു.
തുടർച്ചയായി രണ്ട് ഡക്കുകൾക്ക് ശേഷം ഇറങ്ങിയ കോഹ്‌ലി 60 പന്തിൽ നിന്ന് 11 ഫോറുകളും മൂന്ന് സിക്സുകളുമടക്കം 105 റൺസുമായി ടീമിൻ്റെ വിജയത്തിൽ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. മത്സരത്തിൻ്റെ അവസാന ഓവറുകളിൽ സെഞ്ച്വറി തികച്ചപ്പോൾ, കാണികൾക്കും ഡഗ്ഔട്ടിനും നേരെ ബാറ്റ് ഉയർത്തിക്കാണിച്ച് ലളിതമായാണ് ഇതിഹാസ താരം ആ നേട്ടം ആഘോഷിച്ചത്.
"പോയിൻ്റുകൾ നേടുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. അതിനാലാണ് ആഘോഷങ്ങൾ അതിരുവിടാതിരുന്നത്," എന്നാണ് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം കോഹ്‌ലി പറഞ്ഞത്. സമ്മർദ്ദത്തിന് കീഴിൽ കളിക്കുന്നത് തൻ്റെ കളിയുടെ നിലവാരം ഉയർത്താൻ സഹായിക്കുമെന്നും വിരാട് കൂട്ടിച്ചേർത്തു.
"പോയിൻ്റുകളുടെ പ്രാധാന്യം ഞങ്ങൾക്ക് അറിയാവുന്നതു കൊണ്ട് വലിയ ആഘോഷത്തിന് മുതിർന്നില്ല. പ്രഷർ ഒരു പ്രിവിലേജാണെന്ന് പറയപ്പെടുന്നത് ശരിയാണ്. നല്ല രീതിയിലുള്ള സമ്മർദ്ദങ്ങൾ എപ്പോഴും നിങ്ങളുടെ കളിയെ മെച്ചപ്പെടുത്തും. നിങ്ങൾ ഒരു പടി കൂടി മുന്നേറുകയും, കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. തുടക്കത്തിൽ എനിക്ക് ചെറിയ പരിഭ്രമം ഉണ്ടായിരുന്നു, ആദ്യം തന്നെ അക്കൗണ്ട് തുറക്കണം എന്ന് മാത്രമായിരുന്നു ചിന്ത. ക്രീസിലെ എൻ്റെ പൊസിഷനുകൾ, ഗ്യാപ്പുകൾ കണ്ടെത്തിയത്, സാഹചര്യമനുസരിച്ച് കളിക്കാൻ കഴിഞ്ഞത് തുടങ്ങിയവയെല്ലാം എന്നെ സഹായിച്ചു. റിസ്ക് ഇല്ലാത്ത ക്രിക്കറ്റാണ് ഞാൻ കളിച്ചത്, ഈ ഘടകങ്ങളെല്ലാം എനിക്ക് വളരെ സന്തോഷം നൽകുന്നവയാണ്," മത്സര ശേഷം കോഹ്‌ലി വ്യക്തമാക്കി.