ലോകകപ്പ് വേദിയിലേക്കൊരു 'വൈക്കിങ്' കരുത്ത്; നോർവെയുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന എർലിങ് ഹാലണ്ട്

യോഗ്യതാ റൗണ്ടിൽ വെറും 8 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
Erling Haaland norway
നോർവെ സ്ട്രൈക്കർ എർലിങ് ഹാലണ്ട്News Malayalam 24x7
Published on
Updated on

ഓസ്‌ലോ: കാൽപ്പന്തുകളിയുടെ ലോക വേദിയിലേക്ക് ഏതാനം ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നൊരു നിമിഷമുണ്ട്, ക്ലബ് ഫുട്ബോളിലെ റെക്കോർഡുകളെല്ലാം തച്ചുടച്ച എർലിങ് ഹാലണ്ട് എന്ന നോർവീജിയൻ യുവതാരത്തിൻ്റെ ലോകകപ്പ് അരങ്ങേറ്റം. 1998ലെ ഫ്രാൻസ് ലോകകപ്പിന് ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നോർവെ ലോകകപ്പ് യോഗ്യത നേടുന്നത്. ഹാലണ്ടിൻ്റെ അസാമാന്യ പ്രകടനം തന്നെയായിരുന്നു നോർവേയുടെ യോഗ്യതാ കുതിപ്പിൽ നിർണായകമായത്. യോഗ്യതാ റൗണ്ടിൽ വെറും 8 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

യോഗ്യതാ റൗണ്ടിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോററായി മാറിയ ഹാലണ്ട്, നിർണായക മത്സരത്തിൽ കരുത്തരായ ഇറ്റലിയെ 4-1ന് നോർവെ പരാജയപ്പെടുത്തിയപ്പോൾ ഇരട്ട ഗോളുകളുമായി നിർണായക പങ്ക് വഹിച്ചിരുന്നു. കളിച്ച മത്സരങ്ങളിലെല്ലാം ഗോൾ കണ്ടെത്താനുള്ള തൻ്റെ അസാമാന്യ കഴിവ് തെളിയിക്കാൻ ഹാലണ്ടിന് കഴിഞ്ഞിരുന്നു. പ്രതിരോധ നിരയെ നിഷ്പ്രഭമാക്കുന്ന വേഗതയുടേയും.. പന്തിന്മേലുള്ള നിയന്ത്രണം വച്ച് വലയിലേക്ക് നിറയൊഴിക്കാനുള്ള ഹാലണ്ടിൻ്റെ കൃത്യതയുടേയും മികവിൽ യോഗ്യതാ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച് അപരാജിതരായിട്ടാണ് നോർവെ അമേരിക്കൻ വൻകരയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.

Erling Haaland norway
യൂൾസ് റിമെറ്റ്.. ഇരട്ട മോഷണം... പിക്കിൾ... സംഭവബഹുലമാണ് ലോകകപ്പ് ട്രോഫിയുടെ കഥ!
erling haaland norway
നോർവെ സ്ട്രൈക്കർ എർലിങ് ഹാലണ്ട്

നോർവീജിയൻ ക്ലബുകളായ ബ്രൈനിൽ നിന്നും മോൾഡെയിൽ നിന്നും തുടങ്ങി റെഡ്ബുൾ സാൽസ്ബർഗിലേക്കും ബൊറൂസിയ ഡോർട്‌മുണ്ടിലേക്കും അവിടെ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കും എത്തിയ ഹാളണ്ടിൻ്റെ വളർച്ച സമാനതകളില്ലാത്തതാണ്. ഗോൾവേട്ടയിൽ തൻ്റെ മുന്നിലുള്ള റെക്കോർഡുകൾ ഓരോന്നും പഴങ്കഥയാക്കി കൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാംപ്യൻസ് ലീഗിലും ഗോളുകൾ വാരിക്കൂട്ടിയ 25കാരൻ താരം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. ക്ലബ് ഫുട്ബോളിൽ ഇതിനോടകം തന്നെ തൻ്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഹാലണ്ടിന് ദേശീയ ജേഴ്സിൽ ലോകത്തിന് മുന്നിൽ പ്രതിഭ വീണ്ടും തെളിയിക്കാനുള്ള ഒരു സുവർണാവസരം കൂടിയാണ് ഈ ലോകകപ്പ്.

സാക്ഷാൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പടിയിറക്കം കൊണ്ട് കൂടി ശ്രദ്ധേയമാണ് ഇത്തവണത്തെ ലോകകപ്പ്. ലോക ഫുട്ബോൾ അടക്കി ഭരിച്ച മെസ്സിയും റൊണാൾഡോയും തങ്ങളുടെ അവസാന ലോകകപ്പിന് തയ്യാറെടുക്കുമ്പോൾ തന്നെ അവ‍ർക്ക് ശേഷം അവരുടെ ഐതിഹാസിക കരിയറിനൊപ്പം ചേർത്ത് വായിക്കപ്പെടാൻ സാധ്യതയുള്ള പേരുകളിലൊന്നായ ഹാലണ്ട് തൻ്റെ ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുന്നു എന്നത് അതിമനോഹരമായ ഒരു യാദൃച്ഛികതയാണ്. അവർ ഒഴിച്ചിടുന്ന സിംഹാസനത്തിലേക്ക് നടന്നുകയറാൻ നിരവധി താരങ്ങൾ തയ്യാറെടുക്കുമ്പോൾ അതിനിടയിലെ തൻ്റെ പ്രസക്തി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കാനാണ് ഹാലണ്ട് എത്തുന്നത്.

erling haaland norway
നോർവെ സ്ട്രൈക്കർ എർലിങ് ഹാലണ്ട്
Erling Haaland norway
ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

മറ്റൊരു കൗതുകകരമായ വസ്തുത എന്തെന്നാൽ ഹാലണ്ടിൻ്റെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുടെ മൂന്നാമത്തെ വേൾഡ് കപ്പാണിത്. കളിച്ച ആദ്യ ലോകകപ്പിൽ തന്നെ ജേതാവാകുകയും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത എംബാപ്പെ കഴിഞ്ഞ തവണ ഫൈനലിൽ അർജൻ്റീനയ്ക്കെതിരെ ഹാട്രിക്കോടെ അവസാന നിമിഷം വരെ പൊരുതി വീഴുകയായിരുന്നു. ഇതിനോടകം തന്നെ ലോകകപ്പുകളിലെ തൻ്റെ‌ വീരോചിതമായ പ്രകടനങ്ങളിലൂടെ എതിരാളികളെ പോലും വിസ്മയിപ്പിച്ച എംബാപ്പെയുടെ ഒപ്പം കിടപിടിക്കുന്ന തരത്തിലുള്ള പെർഫോമൻസ് തൻ്റെ ആദ്യ ചുവടുവയ്പിൽ കാഴ്ചവയ്ക്കുക എന്ന വെല്ലുവിളിയും ഹാലണ്ടിൻ്റെ മുന്നിലുണ്ട്.

നോർവേയെ സംബന്ധിച്ചിടത്തോളം ഹാലണ്ട് വെറുമൊരു സ്ട്രൈക്കർ മാത്രമല്ല, അവരുടെ എല്ലാ പ്രതീക്ഷകളുടെയും കേന്ദ്രബിന്ദുവാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുമ്പോൾ ലോകോത്തര പ്ലേമേക്കർമാരുടെ പിന്തുണ ഹാലണ്ടിനുണ്ട്. എന്നാൽ ദേശീയ ടീമിൽ ആ വലിയ ഉത്തരവാദിത്തം അദ്ദേഹം കുറേക്കൂടി പക്വതയോടെ നേരിടേണ്ട സാഹചര്യമാണുള്ളത്. എതിർ ഡിഫൻഡർമാരെ തൻ്റെ വേഗത കൊണ്ടും ശാരീരികക്ഷമത കൊണ്ടും കീഴ്‌പ്പെടുത്തുന്ന ഹാലണ്ട്, ലോകകപ്പ് വേദിയിലെ സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നോർവേയുടെ മുന്നേറ്റം.

erling haaland norway
നോർവെ സ്ട്രൈക്കർ എർലിങ് ഹാലണ്ട്
Erling Haaland norway
"താരങ്ങളെ ബഹുമാനിക്കണം"; ലോകകപ്പിലെ പങ്കാളിത്തം ഉറപ്പാക്കാൻ ഫിഫയുമായി ചർച്ചയ്‌ക്കൊരുങ്ങി ഇറാൻ ഫുട്ബോൾ അസോസിയേഷൻ
News Malayalam 24x7
newsmalayalam.com