കൊൽക്കത്ത: ഐപിഎല്ലിലെ വമ്പന്മാരുടെ പോരിൽ കെകെആറിനെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. പൊരുതാനുറച്ച് എത്തിയ കൊൽക്കത്തയെ 65 റൺസിന് വീഴ്ത്തിയാണ് ഓറഞ്ച് ആർമി പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നത്. തുടർച്ചയായ രണ്ടാം തോൽവിയോടെ ചെന്നൈയ്ക്ക് തൊട്ടുമുകളിലായി ഒൻപതാം സ്ഥാനത്താണ് കൊൽക്കത്ത ഇപ്പോഴുള്ളത്. സ്കോർ, ഹൈദരാബാദ് 226/8 (20), കെകെആർ 161/10 (16).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. അഭിഷേക് ശർമ-ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്. 5.4 ഓവറിൽ 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
അഭിഷേക് ശർമ (21 പന്തിൽ 48) ട്രാവിസ് ഹെഡ് (21 പന്തിൽ 46) റൺസെടുത്ത് പുറത്തായി. ഈ ഐപിഎൽ സീസണിലെ ഉയർന്ന പവർപ്ലേ സ്കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ആറോവറിൽ 84 റൺസാണ് പിറന്നത്. പിന്നീട് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണതോടെ ഹൈദരാബാദിൻ്റെ റൺറേറ്റ് ഇടിഞ്ഞു.
പിന്നീടെത്തിയ ഹെൻറിച് ക്ലാസനും (35 പന്തിൽ 52) നിതീഷ് കുമാർ റെഡ്ഡിയും (24 പന്തിൽ 39) ചേർന്നാണ് ഹൈദരാബാദിൻ്റെ സ്കോർ 200 കടത്തി. ഇഷാൻ കിഷൻ (14) കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ മടങ്ങി. അതേസമയം, നാല് വിക്കറ്റെടുത്ത സിംബാംബ്‌വെ പേസർ ബ്ലെസിങ് മുസറബാനിയാണ് കെകെആറിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. വൈഭവ് അറോറ രണ്ടും കാർത്തിക് ത്യാഗിയും അനുകുൽ റോയിയും ഓരോ വീതവും വിക്കറ്റും വീഴ്ത്തി.
2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവുമുയർന്ന പവർപ്ലേ സ്കോറാണ് സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്തത്. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദിനെതിരെ ആർസിബി നേടിയ 72 റൺസ് നേട്ടമാണ് ഹൈദരാബാദ് മറികടന്നത്.
കെകെആറിൻ്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ പിറക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോർ കൂടിയായിരുന്നു ഇത്. 2024ൽ പഞ്ചാബ് കിങ്സ് അടിച്ചെടുത്ത 93/1 ആയിരുന്ന ഏറ്റവും ഉയർന്ന സ്കോർ.
കാർത്തിക് ത്യാഗി എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പുറത്താകുമ്പോഴേക്കും ഒന്നാം വിക്കറ്റിൽ 82 റൺസ് പിറന്നിരുന്നു. മൂന്ന് സിക്സറുകളും ആറ് ഫോറുകളും സഹിതം 21 പന്തിൽ 46 റൺസാണ് ഓസീസ് ഓപ്പണർ ഹൈദരാബാദിനായി അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ കെകെആർ 161ന് എല്ലാവരും പുറത്തായി. അങ്കൃഷ് രഘുവൻഷി (29 പന്തിൽ 52), റിങ്കു സിങ് (25 പന്തിൽ 35), ഫിൻ അലൻ (7 പന്തിൽ 28) എന്നിവരൊഴികെ മറ്റാർക്കും കൊൽക്കത്തയുടെ ബാറ്റിങ് നിരയിൽ കാര്യമായി തിളങ്ങാനായില്ല. അജിൻക്യ രഹാനെ (8), കാമറൂൺ ഗ്രീൻ (2), അനുകുൽ റോയ് (0), രമൺദീപ് സിങ് (10), സുനിൽ നരൈൻ (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ജയദേവ് ഉനദ്‌കട്ട് മൂന്നും ഇഷാൻ മലിംഗയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.