രാജ്കോട്ട്: രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിൽ കെ.എൽ. രാഹുലിൻ്റെ രക്ഷാദൗത്യം ശ്രദ്ധേയമാകുന്നു. നിർണായക മത്സരത്തിൽ ഓപ്പണർമാരൊഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനാകാതെ ഇന്ത്യൻ ടീം പരാജയം മുന്നിൽ കാണുമ്പോഴാണ്, മറ്റൊരു ക്ലാസിക് ഇന്നിങ്സുമായി രാഹുൽ കളം നിറഞ്ഞത്.
92 പന്തിൽ നിന്ന് 112 റൺസാണ് രാഹുൽ വാരിക്കൂട്ടിയത്. 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 121.75 സ്ട്രൈക്ക് റേറ്റിലാണ് രാഹുൽ തകർത്തടിച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് ഗിയർ ഡൗൺ ചെയ്തും, പിന്നീട് വേഗം കൂട്ടുകയും ചെയ്തുള്ള ഇന്നിങ്സ് ഇന്ത്യക്ക് വീണ്ടും ജയപ്രതീക്ഷ നൽകുന്ന സ്കോറിലേക്ക് എത്തിച്ചു. മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ പുറത്താകാതെ ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്ക് നയിച്ചു.
കൈൽ ജാമിസൺ എറിഞ്ഞ 49ാമത്തെ ഓവറിലെ അവസാന പന്ത് സിക്സറിലേക്ക് പായിച്ചാണ് രാഹുൽ സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. രാഹുലിൻ്റെ കരിയറിലെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണിത്. നേരത്തെ 118/4 എന്ന നിലയിൽ പതറിയ ഇന്ത്യൻ ഇന്നിങ്സിനെ 284/7 എന്ന നിലയിലേക്ക് എത്തിച്ചത് രാഹുലിൻ്റെ ക്ഷമാപൂർവമുള്ള മനസ്സും ക്ലാസിക് ശൈലിയിലുള്ള ബാറ്റിങ്ങുമാണ്. ന്യൂസിലൻഡിനെതിരായ രണ്ടാമത്തെ സെഞ്ച്വറിയാണിത്.
ബാറ്റിങ്ങിൽ അഞ്ചാമനായി എത്തി രാഹുൽ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയുമാണിത്. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ ടീമിലെത്തി സ്വന്തമാക്കുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. 49ാം ഓവറിൽ 14ഉം അമ്പതാം ഓവറിൽ 12 റൺസും രാഹുൽ വാരി.