സഞ്ജു സാംസൺ 
CRICKET

സഞ്ജുവിനേക്കാൾ ഫിനിഷിങ് റോളിൽ നല്ലത് മറ്റൊരു ഇന്ത്യൻ യുവതാരമെന്ന് മുൻ സെലക്ടർ

സഞ്ജുവിൻ്റെ അവസ്ഥ ഓർത്ത് തനിക്ക് നല്ലോണം ദുഃഖമുണ്ടെന്നും ശ്രീകാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ദുബായ്: സഞ്ജു സാംസണേക്കാൾ ഫിനിഷിങ് റോളിൽ നല്ലത് ജിതേഷ് ശർമയാണെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിൻ്റെ അവസ്ഥ ഓർത്ത് തനിക്ക് നല്ലോണം ദുഃഖമുണ്ടെന്നും ശ്രീകാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

"100 ശതമാനം ജിതേഷ് ശർമയാണ് സഞ്ജുവിനേക്കാൾ മികച്ച ഫിനിഷർ. സഞ്ജുവിനെ ഓർത്ത് ദുഃഖമുണ്ട്. സഞ്ജുവിനെ അഞ്ചാമനാക്കുന്നതിലൂടെ ശ്രേയസ് അയ്യരെ ടീമിലെത്തിക്കാനാണ് സെലക്ടർമാർ ശ്രമിക്കുന്നത്. അവൻ ആദ്യ മൂന്ന് പൊസിഷനുകളിൽ മികച്ച ബാറ്ററാണ്. എന്നാൽ അവനെ പെട്ടെന്ന് ഒരു ദിവസം ഫിനിഷിങ് റോളിലിട്ടാൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കില്ല. സെലക്ടർമാർ സഞ്ജുവിനെ ഉൾപ്പെടുത്തണമല്ലോ എന്ന് കരുതി കളിപ്പിച്ചതാണ്," ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

"ആരാണ് ആറാം നമ്പറിൽ നല്ല ബാറ്റർ? സഞ്ജുവാണോ ഹാർദിക്കാണോ? ഹാർദിക്കല്ലേ? അപ്പോൾ അവനെയല്ലേ അവിടെ ബാറ്റ് ചെയ്യിക്കുക. അപ്പോൾ സഞ്ജുവിന് ഈ ടൂർണമെൻ്റിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്," ശ്രീകാന്ത് പറഞ്ഞു.

സമീപകാലത്ത് ഓപ്പണിങ്ങിൽ മൂന്ന് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവച്ചതെങ്കിലും ഉപനായകനും ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മാൻ ഗിൽ എത്തിയതോടെ അദ്ദേഹത്തിൻ്റെ സ്ഥാനം മാറ്റുകയായിരുന്നു.

SCROLL FOR NEXT