ടെംബ ബവുമയും ഐയ്ഡന്‍ മാർക്രമും Source: X/ ICC
CRICKET

WTC Final 2025 RSA vs AUS| സെഞ്ചുറിയുമായി പ്രോട്ടീസിനെ നയിച്ച് മാർക്രം; ചാംപ്യന്‍ പട്ടത്തിന് അരികെ ദക്ഷിണാഫ്രിക്ക

ലോക ടെസ്റ്റ് ചാംപ്യന്‍ പട്ടത്തിലേക്ക് ഉയരാന്‍ പ്രോട്ടീസിന് ഇനി വെറും 69 റണ്‍സ് നേടിയാല്‍ മതിയാകും

Author : ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയത്തിന് അരികെ ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയ ഉയർത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 213 എന്ന നിലയിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ പട്ടത്തിലേക്ക് ഉയരാന്‍ പ്രോട്ടീസിന് ഇനി വെറും 69 റണ്‍സ് നേടിയാല്‍ മതിയാകും.

ഏയ്ഡന്‍ മാർക്രത്തിന്റെ സെഞ്ചുറിയും നായകന്‍ ടെംബ ബവുമയുടെ അർധ സെഞ്ചുറിയുമാണ് വിജയ ലക്ഷ്യത്തിന് അരികിലേക്ക് ദക്ഷിണാഫ്രിക്കയെ അടുപ്പിച്ചത്. മൂന്നാം വിക്കറ്റില്‍ മാർക്രം-ബവുമ സഖ്യം 143 റണ്‍സാണ് കൂട്ടിച്ചേർത്തത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 159 പന്തുകളില്‍ നിന്ന് 102 റണ്‍സുമായി മാർക്രവും 121 പന്തില്‍ 65 റണ്‍സുമായി ബവുമയുമാണ് ക്രീസില്‍.

ബാറ്റിങ് ആരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഓപ്പണർ റയാന്‍ റിക്കല്‍ട്ടണെ (6) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. സ്റ്റാർക്കിന്റെ ഫുള്‍ ഔട്ട് സ്വിങ്ങറിന് അനാവശ്യമായി ബാറ്റ് വെച്ചുകൊടുത്ത റിക്കല്‍ട്ടണ്‍ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഒന്‍‌പതിന് ഒന്നെന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. എന്നാല്‍, വിയാന്‍ മള്‍ഡറിന് ഒപ്പം ചേർന്ന് മാർക്രം സ്കോർ ഉയർത്തി. 61 റണ്‍സാണ് ഈ സഖ്യം നേടിയത്.

18ാം ഓവറില്‍ സ്റ്റാർക്ക് വീണ്ടും പ്രോട്ടീസിന് പ്രഹരം ഏല്‍പ്പിച്ചു. വിയാന്‍ മള്‍ഡറിന്റെ (27) വിക്കറ്റാണ് വീണത്. മള്‍ഡറിന് പിന്നാലെയെത്തിയ ടെംബ ബവുമ മാർക്രത്തിന് ശക്തമായ പിന്തുണ നല്‍കിയതോടെ പ്രോട്ടീസിന്റെ വിജയ സ്വപ്നം വീണ്ടും ഉണർന്നു.

എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ടു റണ്‍സെടുത്ത നേഥന്‍ ലയണിനെ ആദ്യമേ നഷ്ടമായി. 136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ലീഡ് ഉയർത്തിയത്. 10ാം വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡുമായി ചേർന്ന് 59 റണ്‍സാണ് സ്റ്റാർക്ക് കൂട്ടിച്ചേർത്തത്. രണ്ടാം ഉന്നിങ്സില്‍ 207 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ ഔട്ടായത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ നാലും ലുങ്കി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

SCROLL FOR NEXT