മുംബൈ: ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന റൺചേസുമായി പത്തൊമ്പതാമത് സീസണിൽ ജയത്തോടെ തുടങ്ങി ദൈവത്തിൻ്റെ പോരാളികളായ മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ഐപിഎൽ ജേതാക്കളായിട്ടുണ്ട് എങ്കിലും ഇതേവരെ 220ന് മുകളിലൊരു സ്കോർ ചേസ് ചെയ്തു ജയിക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല. മുമ്പ് 220ന് മുകളിലുള്ള സ്കോർ ചേസ് ചെയ്തപ്പോൾ ഏഴ് തവണയും തോൽവിയായിരുന്നു ഫലം.
എന്നാൽ രോഹിത് ശർമ-റിയാൻ റിക്കെൽട്ടൻ ഓപ്പണിങ് സഖ്യം വാംഖഡെയിൽ നടത്തിയ ബാറ്റിങ് വിരുന്നിലൂടെ അസാധ്യമായത് തന്നെ സംഭവിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിലെ ആദ്യ മത്സരം മുംബൈ ഇന്ത്യൻസ് ജയിക്കുന്നത്. കൊൽക്കത്തയ്‌ക്കെതിരായ മാച്ചിൽ അഞ്ച് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിൻ്റെ ആധികാരിക ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ഐപിഎല്ലിൻ്റെ പുതിയ പതിപ്പിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ചേർന്ന് 400+ സ്കോർ അടിച്ചെടുത്തു എന്നത് ആരാധകർക്ക് ആവേശം പകരുന്നൊരു കാര്യമാണ്. രണ്ടു തവണയും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ജയം നേടിയത്.
മറ്റൊരു പ്രധാന സാമ്യം ഇതിഹാസ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും തങ്ങളുടെ പ്രൈം ഫോമിലാണ് ബാറ്റു വീശുന്നത് എന്ന തോന്നലാണ് ആരാധകർക്ക് ലഭിക്കുന്നത്. ഇരുവരും അർധസെഞ്ച്വറികളുമായി ഓറഞ്ച് ക്യാപ്പിനുള്ള റൺവേട്ടയിൽ മത്സരം തുടങ്ങിക്കഴിഞ്ഞു. രോഹിത് പതിവ് പോലെ ഫിയർലെസ് സ്ട്രോക്ക് പ്ലേയുമായി റൺസ് വാരിയപ്പോൾ... വിരാട് മാച്ച് വിന്നിങ് ആങ്കറിങ് ഇന്നിങ്സാണ് പുറത്തെടുത്തത്.
നീണ്ട 18 വർഷം കാത്തിരുന്ന് നേടിയ ഐപിഎൽ കന്നിക്കിരീടം ബെംഗളൂരുവിലെ ഷെൽഫിൽ തന്നെ കാത്തുസൂക്ഷിക്കാനാണ് ആർസിബി ശ്രമിക്കുന്നതെന്ന വലിയൊരു സ്റ്റേറ്റ്‌മെൻ്റാണ് രജത് പടിദാറും കൂട്ടരും ശനിയാഴ്ച എതിരാളികൾക്ക് മുന്നിൽ നൽകിയത്. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ ഓപ്പണർ മാച്ചിൽ നേടിയത് ആധികാരിക ജയമാണ്. മത്സരത്തിൻ്റെ സമസ്ത മേഖലകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഓൾറൗണ്ട് പ്രകടനമാണ് ചെമ്പട പുറത്തെടുത്തത്.