മുഹമ്മദ് ഷമി 
CRICKET

ഷമി, യൂ ബ്യൂട്ടി...!! ലഖ്നൗ അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ വിക്കറ്റ്! വീഡിയോ കാണാം

ഐപിഎല്ലിൻ്റെ 19ാം സീസണിൽ ഷമിയുടെ വരവ് വിക്കറ്റ് വേട്ടയോട് കൂടിയായിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലഖ്നൗ: ദേശീയ ടീമിൽ നിന്നും തുടരെ അവഗണിക്കപ്പെട്ടെങ്കിലും മുഹമ്മദ് ഷമിയെ സംബന്ധിച്ചിടത്തോളം കലക്കനൊരു ആഭ്യന്തര സീസണാണ് കഴിഞ്ഞു പോയത്. കളിച്ചിടത്തെല്ലാം തൻ്റേതായ കനപ്പെട്ട സംഭാവനകൾ നൽകിയാണ് ഷമി നിറഞ്ഞുനിന്നത്. ഐപിഎല്ലിൻ്റെ 19ാം സീസണിൽ ഷമിയുടെ വരവ് വിക്കറ്റ് വേട്ടയോട് കൂടിയായിരുന്നു.

ഡൽഹി ക്യാപിറ്റൽസിനെതിരായ മാച്ചിലെ രണ്ടാം ഇന്നിങ്സിൽ ന്യൂ ബോളുമായി ആദ്യം പന്തെറിയാനെത്തിയത് മുഹമ്മദ് ഷമി ആയിരുന്നു. ലഖ്നൗവിനായി കളിക്കാനിറങ്ങിയ ആദ്യ മാച്ചിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്താൻ ഷമിക്ക് സാധിച്ചു. ഔട്ട് സ്വിങ്ങർ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച കെ.എൽ. രാഹുലിന് പിഴച്ചു. തേർഡ് മാനിൽ ബൗണ്ടറിക്ക് സമീപം കാത്തിരുന്ന മൊഹ്സിൻ ഖാന് അനായാസ ക്യാച്ച്. ഗോൾഡൻ ഡക്കായി പുറത്തായെന്ന ഷോക്കിൽ നിന്ന് ഉണരാൻ കെ.എൽ. രാഹുൽ (0) കുറച്ചുസമയമെടുത്തു. പിന്നാലെ തലകുനിച്ച് പവലിയനിലേക്ക് പതിയെ നടന്നുനീങ്ങി..

ആഭ്യന്തര സീസണിൽ രജ്ഞി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിലും, സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിലും മികച്ച ബൗളിങ് പ്രകടനമാണ് ഷമി നടത്തിയത്. രജ്ഞി ട്രോഫിയിൽ 13 മാച്ചിൽ നിന്നും 2.69 എക്കണോമിയിൽ 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻ്റിലും 7 മാച്ചുകളിൽ നിന്ന് 6.10 എക്കണോമിയിൽ 15 വിക്കറ്റുകൾ വീഴ്ത്താൻ ഷമിക്ക് കഴിഞ്ഞു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിൽ 8.91 എക്കണോമിയിൽ 16 വിക്കറ്റുകളും താരം പിഴുതെടുത്തു.

SCROLL FOR NEXT