അഹമ്മദാബാദ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാല് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് സിറാജ് വെസ്റ്റ് ഇൻഡീസിൻ്റെ അന്തകനായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച ഫോം അഹമ്മദാബാദിലും തുടരുകയാണെന്ന് വ്യക്തമാക്കുന്ന ആധികാരിക പ്രകടനമാണ് സിറാജ് പുറത്തെടുത്തത്.
14 ഓവറിൽ 40 റൺസ് വഴങ്ങിയാണ് സിറാജ് കരീബിയൻ പടയ്ക്കെതിരെ തീയുണ്ടകൾ വർഷിച്ചത്. ഇതിൽ മൂന്ന് മെയ്ഡൻ ഓവറുകളും ഉൾപ്പെടുന്നുണ്ട്. ഇതോടെ മിച്ചൽ സ്റ്റാർക്കിനെ മറികടന്ന് ഈ വർഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി മാറാനും മുഹമ്മദ് സിറാജിന് കഴിഞ്ഞു.
ഇന്നത്തെ മത്സരത്തിൽ നാല് വിക്കറ്റ് നേടിയതോടെ സിറാജിന്‍റെ വിക്കറ്റ് ശേഖരം 31 ആയി ഉയർന്നു. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് 29 വിക്കറ്റുമായി രണ്ടാമതുണ്ട്. ഓസീസ് സ്പിന്നർ നഥാൻ ലിയോണിന് 24 വിക്കറ്റുകളാണുള്ളത്.
നാലാം ഓവറിൽ ടാഗെനരൈൻ ചന്ദർപോളിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിൻ്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് വിൻഡീസിൻ്റെ ആദ്യ രക്തം ചിന്തിയത്. അധികം വൈകാതെ ബ്രാൻഡൻ കിങ്ങിൻ്റെ (13) കുറ്റി തെറിപ്പിച്ച് സിറാജ് വീണ്ടും വെസ്റ്റ് ഇൻഡീസിൻ്റെ നില കൂടുതൽ പരുങ്ങലിലാക്കി. അലിക് അത്തനേസിനെ (12) കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും വിൻഡീസിനെ ഞെട്ടിച്ചു.
2025ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ
മുഹമ്മദ് സിറാജ്: 31
മിച്ചൽ സ്റ്റാർക്ക്: 29
നഥാൻ ലിയോൺ: 24
ഷമർ ജോസഫ്: 22
ജോഷ് ടോങ്: 21
ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് സിറാജ്. ഈ വർഷം 36 വിക്കറ്റുകൾ നേടിയ സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസാരബാനിക്കാണ് ഒന്നാമത്.
ഈ വർഷത്തെ ഇംഗ്ലണ്ടിലും ബർമിംഗ്ഹാമിലും ഓവലിലും നടത്തിയ സിറാജിൻ്റെ മികച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. ആദ്യ കളിയിൽ ഏഴ് വിക്കറ്റുകളും അടുത്ത കളിയിൽ ഒമ്പത് വിക്കറ്റുകളും നേടി പരമ്പര സമനിലയിൽ എത്തിക്കുന്നതിൽ സിറാജ് നിർണായക പങ്ക് വഹിച്ചിരുന്നു.