
അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിങ്സിൽ കരുതലോടെ ബാറ്റ് വീശി ഇന്ത്യൻ ഓപ്പണർമാർ. വെസ്റ്റ് ഇൻഡീസിൻ്റെ ഒന്നാമിന്നിങ്സ് സ്കോറായ 162 റൺസിന് മറുപടിയായി ഇന്ത്യ 12.4 ഓവറിൽ 23 റൺസെടുത്തിട്ടുണ്ട്. കെ.എൽ. രാഹുൽ (18), യശസ്വി ജെയ്സ്വാൾ (4) എന്നിവരാണ് ക്രീസിലുള്ളത്
നേരത്തെ ഒന്നാം ടെസ്റ്റിൻ്റെ ആദ്യദിനം ഉച്ച ഭക്ഷണത്തിന് മുമ്പേ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ മുഴുവൻ ചുരുക്കിക്കെട്ടി പവലിയനിലെത്തിച്ച് ഇന്ത്യൻ പേസർമാർ അത്യുജ്ജ്വല പ്രകടനമാണ് നടത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് ടീം 162ന് ഓൾ ഔട്ടായി.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ബുംറ മൂന്നും വിക്കറ്റെടുത്തു. കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളുമായി ഉറച്ച പിന്തുണയേകി. നാലാം ഓവറിൽ ടാഗെനരൈൻ ചന്ദർപോളിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിൻ്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് വിൻഡീസിൻ്റെ ആദ്യ രക്തം ചിന്തിയത്. പിന്നാലെ മറ്റൊരു ഓപ്പണറായ ജോൺ കാംപെലിനെയും ജുറേലിൻ്റെ കൈകളിലെത്തിച്ച് ബുംറ ഇന്ത്യക്ക് വീണ്ടും ആവേശനിമിഷം സമ്മാനിച്ചു.
അധികം വൈകാതെ ബ്രാൻഡൻ കിങ്ങിൻ്റെ (13) കുറ്റി തെറിപ്പിച്ച് സിറാജ് വീണ്ടും വെസ്റ്റ് ഇൻഡീസിൻ്റെ നില കൂടുതൽ പരുങ്ങലിലാക്കി. അലിക് അത്തനേസിനെ (12) കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും വിൻഡീസിനെ ഞെട്ടിച്ചു.
26 റൺസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻ്റെ ടോപ് സ്കോറർ. ഹോപ്പിനെ ക്ലീൻ ബൗൾ ചെയ്ത് കുൽദീപ്, വീണ്ടും നില ഭദ്രമാക്കാമെന്ന വിൻഡീസിൻ്റെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പുരോഗമിക്കുന്നത്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ റോസ്റ്റൺ ചേസ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു . മൂന്ന് സ്പിന്നർമാരും മൂന്ന് പേസർമാരും അടങ്ങുന്നതാണ് ഇന്ത്യയുടെ ടീം ലൈനപ്പ്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ):
യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ):
ടാഗെനറൈൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അത്തനാസ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്(ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്ഡൻ സീൽസ്.