ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ഗ്രൗണ്ടിനകത്തും പുറത്തും ഒരു പോലെ വീറുംവാശിയും നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ നീലക്കടുവകൾ ആറ് വിക്കറ്റിന് മത്സരം ജയിച്ചുകയറിയിരുന്നു.
വിക്കറ്റെടുക്കാൻ പരാജയപ്പെട്ട് നല്ലോണം തല്ലുവാങ്ങിയതോടെ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമായി ഉടക്കിയിരുന്നു. ഇതിനെല്ലാം വായ കൊണ്ടും ഉചിതമായ മറുപടി നൽകി ഇന്ത്യൻ താരങ്ങൾ തിരിച്ചടിച്ചിരുന്നു. ബാറ്റ് കൊണ്ടും നാക്ക് കൊണ്ടും മറുപടി നൽകിയ ഇന്ത്യൻ താരങ്ങൾ ഗൗതം ഗംഭീറിൻ്റെ അഗ്രഷൻ അതേപടി ഉൾക്കൊണ്ടുവെന്നാണ് മത്സരത്തിൽ നിന്നും മനസിലായത്.
അതേസമയം, ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ പാക് പേസർ ഹാരിസ് റൗഫ് ഇന്ത്യൻ കാണികൾക്ക് നേരെ കാണിച്ച വിവാദ ആംഗ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. '6 - 0' എന്ന് അർഥമാക്കുന്ന മുദ്രയാണ് റൗഫ് കാണിച്ചത്. പാക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിനിടെ ഇന്ത്യയുടെ ആറ് ഫൈറ്റർ ജെറ്റുകൾ പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വാർത്ത. നേരത്തെ ഈ ആരോപണങ്ങൾ ഇന്ത്യൻ സൈന്യവും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചിരുന്നു.
ഇന്ത്യയുടെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും പാകിസ്ഥാനിൽ തകർന്നു വീണുവെന്നുമുള്ള ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്. റൗഫ് ബൗണ്ടറി ലൈനിന് അരികെ ഫീൽഡ് ചെയ്യവെ കൂവി വിളിച്ചും, "കോഹ്‌ലി... കോഹ്‌ലി" ചാൻ്റുകളുമായും ഇന്ത്യൻ ആരാധകർ പാക് പേസറെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ റൗഫിനെ സിക്സറടിച്ച് കോഹ്‌ലി ഇന്ത്യയെ ജയിപ്പിച്ച മത്സരം ഓർമിപ്പിച്ചാണ് ഇന്ത്യൻ ഫാൻസ് പാക് താരത്തെ പരിഹസിച്ചത്.
അതേസമയം, കളിക്കളത്തിനകത്ത് രാഷ്ട്രീയത്തിനും വൈരത്തിനും ഇടമില്ലെന്നും അവിടെ സ്പോർട്സ്മാൻ സ്പിരിറ്റാണ് വേണ്ടതെന്നുമാണ് മുൻ താരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, റൗഫിനെ പോലുള്ള കളിക്കാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ക്രിക്കറ്റിൻ്റെ ശോഭ കെടുത്തുന്നതാണ് എന്നാണ് ഇരു രാജ്യങ്ങളുടെയും ഇതിഹാസ താരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.