സൽമാൻ അലി അഗ  Image: X
CRICKET

മാച്ച് ഫീ പഹല്‍ഗാം അക്രമണത്തിലെ ഇരകള്‍ക്കും സൈന്യത്തിനുമെന്ന് സൂര്യകുമാര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ 'ഇരകള്‍ക്ക്' എന്ന് പാക് ക്യാപ്റ്റന്‍

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിലെ മാച്ച് ഫീ പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവിനു പിന്നാലെ അതേ പാത പിന്തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഗ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ 'ഇരകള്‍'ക്കാണ് പാക് ക്യാപ്റ്റന്‍ മാച്ച് ഫീ സമര്‍പ്പിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ച 'സാധരണക്കാര്‍ക്കും കുട്ടികള്‍ക്കും' മാച്ച് ഫീ നല്‍കുമെന്ന് സല്‍മാന്‍ അലി അഗ പ്രഖ്യാപിച്ചു. പാക് ടീമിന് ലഭിച്ച മാച്ച് ഫീ മുഴുവന്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇരകള്‍ക്ക് നല്‍കുമെന്നാണ് പാക് ക്യാപ്റ്റന്‍ അറിയിച്ചത്.

ഏപ്രില്‍ മാസത്തില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തോടെ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യാ കപ്പിലും ഇതിന്റെ പ്രതിധ്വനികളുണ്ടായി.

പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതിനെയും സല്‍മാന്‍ അഗ വിമര്‍ശിച്ചു.

നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ പ്രവര്‍ത്തിയെന്നാണ് പാക് ക്യാപ്റ്റന്റെ വിമര്‍ശനം. ഹസ്തദാനം നല്‍കാത്തത് പാക് ടീമിനെ മാത്രമല്ല ക്രിക്കറ്റിനെ തന്നെ അപമാനിക്കുന്നതാണെന്നും മികച്ച ടീമുകള്‍ക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തിയാണിതെന്നും സല്‍മാന്‍ അഗ പറഞ്ഞു.

SCROLL FOR NEXT