CRICKET

ഇന്ത്യയുമായി ഹസ്തദാനത്തിന് തയ്യാര്‍; നിലപാടറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍

വാര്‍ത്താസമ്മേളനത്തിലാണ് ഹസ്തദാനം നടത്താന്‍ തയ്യാറാണെന്ന് അലി ആഗ അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും പാകിസ്ഥാനും ടി 20 മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയുമായി കൈകൊടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അലി ആഗ. വാര്‍ത്താസമ്മേളനത്തിലാണ് ഹസ്തദാനം നടത്താന്‍ തയ്യാറാണെന്ന് അലി ആഗ അറിയിച്ചത്.

'ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീം ഹസ്തദാനത്തിന് തയ്യാറായാല്‍ നാളെ അതില്‍ തീരുമാനമാകും. അവരാണ് തീരുമാനിക്കേണ്ടത്,' ആഗ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടിയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനുമായി ഹസ്തദാനം നടത്തിയില്ല. ഏഷ്യാ കപ്പിലെ മൂന്ന് കളികളിലും ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല.

ചാംപ്യന്മാരായ ഇന്ത്യ പിസിബി ചെയര്‍മാനില്‍ നിന്ന് കപ്പ് വാങ്ങില്ലെന്ന് നിലപാടെടുത്തിരുന്നു. വിവാദം ഏറെ ചൂടു പിടിച്ച സാഹചര്യത്തിലായിരുന്നു. ഇത്തവണ ഇന്ത്യയുമൊത്തുള്ള ടി 20 ലോകകപ്പ് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ പോലും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ തന്നെ ഹസ്തദാനത്തിന് തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയത്.

SCROLL FOR NEXT