ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിലെ പിച്ചിനെ പഴിച്ച് പാകിസ്ഥാൻ്റെ കോച്ച് മൈക്ക് ഹെസ്സൻ. മത്സര ശേഷം നടന്ന പോസ്റ്റ് മാച്ച് വാർത്താസമ്മേളനത്തിലാണ് ധാക്കയിലെ ഷെരെ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ മത്സര സാഹചര്യങ്ങളെ പാകിസ്ഥാൻ്റെ വൈറ്റ് ബോൾ ഹെഡ് കോച്ചായ മൈക്ക് ഹെസ്സൻ രൂക്ഷമായി വിമർശിച്ചത്.
ഇവിടുത്തേത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള പിച്ചായിരുന്നില്ലെന്നും തൻ്റെ ടീം ഇതിലും മികച്ചത് അർഹിക്കുന്നുവെന്നും ഹെസ്സൻ വാദിച്ചു. ഇത്തരം ഗ്രൗണ്ടുകൾ പാക് ടീമിന് തുടർന്നും കളിക്കാനാകില്ലെന്നും പാക് കോച്ച് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ഇതേ മൈതാനത്ത് രണ്ടാം ടി20 മത്സരം നടക്കാനിരിക്കെ മൈക്ക് ഹെസ്സൻ്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
"ടീമുകൾ ഏഷ്യാ കപ്പിനോ ടി20 ലോകകപ്പിനോ വേണ്ടി തയ്യാറെടുക്കുകയാണ്. നിലവിലെ ഈ പിച്ച് ആർക്കും അനുകൂലമല്ലെന്ന് ഞാൻ കരുതുന്നു. ഇത്തരം പിച്ചുകൾ ഞങ്ങൾക്ക് സ്വീകാര്യമല്ല. ബാറ്റിങ്ങിലെ പോരായ്മകൾക്ക് ഒഴിവ് കഴിവ് പറയുകയല്ല. പക്ഷേ ഈ പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല," പാകിസ്ഥാൻ കോച്ച് മൈക്ക് ഹെസ്സൻ പറഞ്ഞു.
മൈക്ക് ഹെസ്സൻ്റെ വിമർശനത്തിന് ബംഗ്ലാദേശ് ഓപ്പണർ പർവേസ് ഹൊസൈൻ എമോൺ മറുപടി നൽകി. "ഷെരെ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ പിച്ചിൻ്റെ നിലവാരം ഒട്ടും മോശമല്ല. പാകിസ്ഥാൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും 20 ഓവറുകൾ മുഴുവൻ കളിക്കുകയും ചെയ്തിരുന്നെങ്കിൽ അവർക്ക് 150-160 റൺസ് നേടാമായിരുന്നു. ഞങ്ങൾ അവരെക്കാൾ നന്നായി പിച്ചുമായി പൊരുത്തപ്പെട്ടു. ധാക്ക പിച്ച് സാധാരണയായി ബൗളർമാർക്ക് ഗുണം ചെയ്യുന്നതാണ്. വിക്കറ്റ് വേഗത്തിൽ വിലയിരുത്താൻ ഞങ്ങൾ ശ്രമിച്ചു. അതായിരുന്നു ഞങ്ങളുടെ ആദ്യ പദ്ധതി," പർവേസ് ഹൊസൈൻ പറഞ്ഞു.
ടി20യില്‍ ആദ്യ ഇന്നിങ്സിൽ എട്ട് ഓവറുകൾ പിന്നിടുമ്പോൾ പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിൽ തകർന്നിരുന്നു. തുടക്കത്തിലേറ്റ പ്രഹരങ്ങളിൽ നിന്ന് പിന്നീട് പാക് ബാറ്റർമാർക്ക് ഒരിക്കലും കരകയറാനും കഴിഞ്ഞില്ല. വെറും 110 റൺസിന് പാകിസ്ഥാൻ ഓൾ ഔട്ടായി. 15.3 ഓവറിൽ ഈ സ്കോർ പിന്തുടർന്ന ബംഗ്ലാദേശ് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടി.
39 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും സഹിതം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ബംഗ്ലാദേശ് ജയം വേഗത്തിലാക്കിയത്. 36 റണ്‍സെടുത്ത തൗഹിത് ഹൃദോയിയും തിളങ്ങി. ജാകര്‍ അലി 15 റണ്‍സുമായി പര്‍വേസിനൊപ്പം പുറത്താകാതെ നിന്നു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 44 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാകിസ്ഥാൻ്റെ ടോപ് സ്‌കോറര്‍. കൂടാതെ അബ്ബാസ് അഫ്രീദി (22), ഖുഷ്ദില്‍ ഷാ (17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ ആറ് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.