CRICKET

ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറി; പാക് താരത്തിനെതിരെ നടപടി

ഹോട്ടലിലെ ഹൗസ് കീപ്പിങ് സ്റ്റാഫിനോടാണ് താരം മോശമായി പെരുമാറിയത്

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ പാകിസ്ഥാനെതിരെ ആരോപണം. താമസിച്ച ഹോട്ടലിലെ വനിതാ സ്റ്റാഫിനോട് പാക് താരങ്ങളില്‍ ഒരാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ശ്രീലങ്കയിലെ കാന്‍ഡി ഹോട്ടലിലെ ജീവനക്കാരിയോടാണ് മോശമായി പെരുമാറിയത്.

വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ താരത്തിന് ടീം മാനേജ്‌മെന്റ് ഫൈന്‍ ഈടാക്കിയതായും വാര്‍ത്തകളുണ്ട്. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പാണ് സംഭവമെന്നാണ് സൂചന. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ടെലികോം ഏഷ്യ സ്‌പോര്‍ട്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടലിലെ ഹൗസ് കീപ്പിങ് സ്റ്റാഫിനോടാണ് താരം മോശമായി പെരുമാറിയത്. ഏത് താരത്തിനെതിരെയാണ് നടപടിയെടുത്തതെന്ന് പുറത്തുവന്നിട്ടില്ല. മോശമായി പെരുമാറിയ താരത്തോട് ജീവനക്കാരി ഒച്ചയെടുത്തെന്നും മറ്റുള്ളവർ ജീവനക്കാരിയുടെ സഹായത്തിന് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ ചോദ്യം ചെയ്യുകയും ടീം മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും ചെയ്തു.

താരത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പാക് ടീം മാനേജര്‍ നവീദ് ചീമ താരത്തിനു വേണ്ടി ഹോട്ടല്‍ ജീവനക്കാരിയോട് മാപ്പ് ചോദിക്കുകയും താരത്തിന് പിഴ ചുമത്തുകയുമായിരുന്നു.

മത്സരത്തില്‍ പാകിസ്ഥാന്‍ അഞ്ച് റണ്‍സിന് ജയിച്ചെങ്കിലും റൺ റേറ്റ് കുറവായതിനാൽ ലോകകപ്പിൽ നിന്ന് പുറത്താകുകയായിരുന്നു. മോശമായി പെരുമാറിയ താരത്തിനെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ ഹാജരാകാന്‍ താരത്തിന് നിര്‍ദേശം ലഭിച്ചതായും വാര്‍ത്തയില്‍ പറയുന്നു. അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT