ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്ന രീതിയില്‍ ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുകയാണ്. ആദ്യം ബ്ലാംഗാദേശാണ് ഇടഞ്ഞതെങ്കില്‍ ഇപ്പോള്‍ പാകിസ്ഥാനാണ്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാക് ടീമും ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
ഇതോടെ ഐസിസി ശക്തമായ താക്കീതും നല്‍കിയിരുന്നു. പിന്നാലെ, മത്സരത്തിനായുള്ള പതിനഞ്ചംഗ ടീമിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതോടെ, പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പാക് കോച്ചിന്റെ വക അടുത്ത ബോംബ്.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ പിസിബിയുടെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറും പുരുഷ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദ്, ആഗ, വൈറ്റ്-ബോള്‍ മുഖ്യ പരിശീലനകായ മൈക്കല്‍ ജെയിംസ് ഹെസ്സന്‍ എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീമിനെ പ്രഖ്യാപിച്ചെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ആഖിബ് ജാവേദ് പറഞ്ഞത്. "ഞങ്ങള്‍ സെലക്ടര്‍മാരാണ്. ടീമിനെ തെരഞ്ഞെടുക്കുകയാണ് ഞങ്ങളുടെ ജോലി. അതാണ് ഇപ്പോള്‍ ചെയ്തത്. മത്സരിക്കുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ചെയര്‍മാനും അതു തന്നെയാണ് പറഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്". - ജാവേദിന്റെ വാക്കുകള്‍.
ഇതോടെയാണ് പാകിസ്ഥാന്‍ മത്സരിക്കുമോ എന്ന ആശങ്ക വീണ്ടും ഉയര്‍ന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന് കടുംപിടിത്തവുമായി നിന്ന ബംഗ്ലാദേശിനെ ഒഴിവാക്കി പകരം സ്‌കോട്ട്ലാന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിക്കും എന്നായിരുന്നു വാര്‍ത്തകള്‍
പാക് ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമന്‍, ഖ്വാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷഹിബ്സാദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയ്യൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരീഖ്.