Image: X
CRICKET

"വേണമെങ്കിൽ ഇന്ത്യയില്‍ വന്ന് മത്സരിക്കാം, പറ്റില്ലെങ്കിൽ..."; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി ഐസിസി

തീരുമാനം എന്താണെങ്കിലും ജനുവരി 21 നുള്ളിൽ അറിയിക്കണം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടി20 ലോകകപ്പിന് വരുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ബംഗ്ലാദേശിനോട് ഐസിസി. ജനുവരി 21 നകം തീരുമാനം അറിയിക്കാനും നിര്‍ദേശം നല്‍കി. ഒന്നുകില്‍ ഇന്ത്യയില്‍ മത്സരിക്കാന്‍ പോകാം, അല്ലെങ്കില്‍, ബംഗ്ലാദേശിനു പകരം മറ്റൊരു ടീമിനെ നിശ്ചയിക്കേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.

ഫെബ്രുവരി 7 നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ മത്സരിക്കാന്‍ എത്തില്ലെന്നും ശ്രീലങ്കയിലേക്ക് വേദി മാറ്റണമെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയതോടെയാണ് ഐസിസി നിലപാട് കടുപ്പിച്ചത്.

ബംഗ്ലാദേശുമായി ഐസിസി പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ലോകകപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് ജനുവരി 21 നകം തീരുമാനിക്കണം. ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശ് തയ്യാറല്ലെങ്കില്‍, റാങ്കിങ് അനുസരിച്ച് മറ്റൊരു ടീമിനെ പകരം വെക്കാന്‍ തയ്യാറാകണം എന്നാണ് ഐസിസി നല്‍കിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലില്‍ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ നീക്കിയതിനു പിന്നാലെയാണ് ബിസിബി ഇടഞ്ഞത്. ഇന്ത്യയില്‍ വരാന്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു വേദി മാറ്റാനുള്ള കാരണമായി ബിസിബി നല്‍കിയ വിശദീകരണം. കൊല്‍ക്കത്തയിലും മുംബൈയിലുമായി മൂന്ന് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.

നിലവില്‍ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നായിരുന്നു ബിസിബി ഐസിസിയോട് ഏറ്റവും ഒടുവില്‍ ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയര്‍ലന്‍ഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

ബംഗ്ലാദേശ് തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍, റാങ്കിങ് അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.

SCROLL FOR NEXT