CRICKET

ഇന്ത്യൻ ജഴ്സിയിൽ തിരിച്ചെത്തിയത് 715 ദിവസങ്ങൾക്ക് ശേഷം; കന്നി ഏകദിന സെഞ്ച്വറിയുമായി മടക്കം

രണ്ടാം ഏകദിനത്തിൽ 195 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഗെയ്ക്‌വാദ് കോഹ്ലിക്കൊപ്പം പടുത്തുയർത്തിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

റായ്‌പൂർ: 715 ദിവസങ്ങൾക്ക് ശേഷമാണ് റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യയുടെ നീല ജഴ്സിയിലേക്കുള്ള തിരിച്ചുവരവ് മികച്ചൊരു ഓർമയാക്കി മാറ്റിയിരിക്കുകയാണ് ഈ മഹാരാഷ്ട്രക്കാരൻ. ഇന്ത്യൻ മണ്ണിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയ്ക്ക് എതിരെ കന്നി ഏകദിന സെഞ്ച്വറി നേടിയാണ് റുതുരാജ് തിളങ്ങിയത്.

വിരാട് കോഹ്‌ലിയെ ഒരറ്റത്ത് കൂട്ടാളിയായി നിർത്തി രണ്ടാം ഏകദിനത്തിൽ 195 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഗെയ്ക്‌വാദ് പടുത്തുയർത്തിയത്. ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് റുതുരാജ് (83 പന്തിൽ 105) ഇന്ന് അടിച്ചെടുത്തത്. ഇതുവരെ 95 റൺസായിരുന്നു താരത്തിൻ്റെ കരിയറിലെ ഉയർന്ന സ്കോർ.

ഈഡൻ ഗാർഡനിൽ സെഞ്ച്വറി നേടി മികച്ച ഫോമിലെത്തിയ വിരാട് കോഹ്‌ലിയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ആദ്യം സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത് റുതുരാജായിരുന്നു. ഏറെ ആഹ്ളാദത്തോടെയും സംതൃപ്തിയോടെയും ആകാശത്തേക്ക് ഉയർന്നു ചാടി സെഞ്ച്വറി ആഘോഷിക്കുന്ന ഗെയ്ക്‌വാദിൻ്റെ ദൃശ്യം ഇന്ത്യൻ കാണികളുടെ മനസ് നിറയ്ക്കുന്നതായിരുന്നു.

താരത്തിൻ്റെ ടൈമിങ്ങും ഷോട്ട് സെലക്ഷനും പെർഫെക്ഷനും ആരുടെയും മനംമയക്കുന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കായി സ്ഥിരതയാർന്ന നിരവധി പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കായി കാര്യമായ പ്രകടനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. അത്തരം ചീത്തപ്പേരിനെല്ലാം പരിഹാരം റായ്പൂരിൽ കണ്ടെത്താനായതിൻ്റെ ആത്മവിശ്വാസത്തിലാകും താരം ഇനി നാട്ടിലേക്ക് മടങ്ങുക.

SCROLL FOR NEXT