CRICKET

ഹൃദയപൂർവം സഞ്ജു; കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്ക് സർപ്രൈസ് സമ്മാനം!

കലാശപ്പോരിൽ കൊല്ലം സെയ്‌ലേഴ്സിനെതിരെ 75 റൺസിൻ്റെ ആധികാരിക വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജു സാംസണിൻ്റെ വക സർപ്രൈസ് സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്കു വീതിച്ചുനൽകും.

ഓപ്പണറായ സഞ്ജു സാംസൺ ഇല്ലാതെ കെസിഎൽ സെമിഫൈനലും ഫൈനലും കളിക്കേണ്ടി വന്നെങ്കിലും കൊച്ചി കിരീടം ചൂടിയിരുന്നു. കലാശപ്പോരിൽ കൊല്ലം സെയ്‌ലേഴ്സിനെതിരെ 75 റൺസിൻ്റെ ആധികാരിക വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 30 പന്തില്‍ 70 റണ്‍സ് നേടിയ ഓപ്പണര്‍ വിനൂപ് മനോഹരനും അവസാന ഓവറുകളില്‍ കത്തിക്കയറിയ ആല്‍ഫി ഫ്രാന്‍സിസ് (25 പന്തില്‍ 47) ആണ് കൊച്ചിയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഭരതിനെ നഷ്ടമായി.

പിന്നീട് വന്ന ആര്‍ക്കും നിലയുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ കൊല്ലത്തിൻ്റെ പോരാട്ടം 16.3 ഓവറില്‍ അവസാനിച്ചു. അഞ്ച് താരങ്ങള്‍ മാത്രമാണ് കൊല്ലത്തിനായി രണ്ടക്കം കടന്നത്. കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്നും നായകന്‍ സാലി സാംസണ്‍, കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.

സ്‌കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്സ് 181-8 (20), ഏരീസ് കൊല്ലം സെയ്‌ലേഴ്സ്സ് 106-10 (16.3)

SCROLL FOR NEXT