ചെന്നൈ: മലയാളികളുടെ ക്രിക്കറ്റ് സൂപ്പർ സ്റ്റാർ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ അവതരിപ്പിച്ച് കട്ട ചങ്കും നടനും സംവിധായകനുമായ ബേസിൽ ജോസഫ്. സിനിമാ സ്റ്റൈലിലുള്ള മാസ്സ് എൻട്രി വീഡിയോ ആണ് ചെന്നൈ പുറത്തിറക്കിയത്.
ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളികൾക്കിടയിൽ സുപരിചിതമാണ്. നേരത്തെ രാജസ്ഥാൻ റോയൽസിൻ്റെ കട്ട ഫാനായിരുന്നു ബേസിൽ. 'നമ്മടെ പയ്യൻ യെല്ലോ, കൂടെ നമ്മളും' എന്ന് പറഞ്ഞാണ് മലയാളി ആരാധകരെ ബേസിൽ ജോസഫ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ക്ഷണിക്കുന്നത്.
ക്ലബ്ബ് അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലാണ് സഞ്ജുവിൻ്റെ ജേഴ്സിയിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ ഇനി 11ാം നമ്പർ ജേഴ്സിയിലാണ് സഞ്ജു കളിക്കുക.
തമിഴ് സിനിമാ ലോകത്തെ തലൈവർ രജിനികാന്തിനൊപ്പമുള്ള ഫോട്ടോയും ഈ ടീസർ വീഡിയോയിൽ കാണാം. രജിനികാന്തിൻ്റെ കട്ട ഫാനാണ് താനെന്നും പണ്ട് ചെന്നൈയിൽ വന്നപ്പോൾ സൂപ്പർ താരത്തെ കാണാൻ വീടിന് മുന്നിൽ കാത്തുനിന്നിട്ടുണ്ടെന്നും സഞ്ജു നേരത്തെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
സഞ്ജുവിനായി ബേസിലും കൂട്ടുകാരും കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സിയിൽ അവിടവിടെയായി കാണാനുമാകുന്നുണ്ട്.