

ജയ്പൂർ: സഞ്ജു സാംസൺ ഫ്രാഞ്ചൈസി വിട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്. രാവിലെ 10 മണിയോടെയാണ് ഒഫീഷ്യൽ പേജുകളിൽ ഇതു സംബന്ധിച്ച പോസ്റ്റ് ക്ലബ്ബ് പങ്കുവച്ചത്.
"രാജസ്ഥാൻ്റെ നീലക്കുപ്പായത്തിൽ ഒരു പയ്യനായാണ് നിങ്ങൾ വന്നത്. ഇന്ന് ഞങ്ങൾ വിട പറയുന്നത് ക്യാപ്ടനോടും നേതാവിനോടും ഞങ്ങളുടെ സ്വന്തം ചേട്ടനോടുമാണ്. പ്രിയപ്പെട്ട സഞ്ജു സാംസൺ, എല്ലാത്തിനും നന്ദി," രാജസ്ഥാൻ റോയൽസ് എക്സിൽ കുറിച്ചു.
രാജസ്ഥാൻ ആരാധകരും സഞ്ജുവിന് വികാരവായ്പോട് കൂടിയ യാത്രയയപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത്. "ആർആറിനൊപ്പമുള്ള എല്ലാ സുന്ദര നിമിഷങ്ങൾക്കും നന്ദി ചേട്ടാ" എന്നാണ് ഒരു ആരാധകൻ പോസ്റ്റിന് താഴെ കമൻ്റിട്ടത്. ഹൃദയം തൊട്ട് സഞ്ജുവിന് യാത്രാമൊഴിയേകുന്നു എന്നാണ് മറ്റൊരാൾ സങ്കടത്തോടെ കുറിച്ചത്.
രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ മോശം തീരുമാനങ്ങളെയും ആരാധകർ വിമർശിച്ച് രംഗത്തെത്തി. "ആദ്യം ജോസ് ബട്‌ലർ, പിന്നാലെ ട്രെൻ്റ് ബോൾട്ട്, ഇപ്പോൾ സഞ്ജു സാംസൺ, ഇനി ആരാണ്?," എന്നും മറ്റൊരു രാജസ്ഥാൻ ആരാധകൻ ചോദിച്ചു.
"ഒരു കൊച്ചു ചെറുക്കനായി വന്ന് പിങ്ക് സിറ്റിയുടെ ഹൃദയമിടിപ്പായി മാറിയ സഞ്ജു ജയ്പൂർ ഒരിക്കലും മറക്കില്ലെന്നും താരം ഇതിഹാസമായി ഞങ്ങളുടെയുള്ളിൽ നിലനിൽക്കുമെന്നും മറ്റൊരു രാജസ്ഥാൻ ആരാധകൻ കുറിച്ചു. "സഞ്ജു രാജസ്ഥാൻ്റെ നായകനായി കളിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു" എന്നും മറ്റൊരാൾ കുറിച്ചു.
സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് സ്വാഗതം ചെയ്യുന്ന കമൻ്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. സഞ്ജുവിന് രാജസ്ഥാൻ താരങ്ങൾ യാത്രയയപ്പ് നൽകുന്ന വീഡിയോയും ക്ലബ്ബ് പങ്കുവച്ചിട്ടുണ്ട്.
അതേസമയം, രവീന്ദ്ര ജഡേജയും സാം കറനും ടീമിലേക്ക് വരുന്നതായി രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിരവധി പോസ്റ്ററുകളും വീഡിയോകളും ക്ലബ്ബ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.