സഞ്ജു സാംസണിന്റെ മോഹന്‍ലാല്‍ റഫറന്‍സ് മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വിജയം കൈവരിക്കുന്നതിന് ഏതു വേഷവും കൈകാര്യം ചെയ്യാന്‍ തയ്യാറാകണമെന്നാണ് മലയാളത്തിന്റെ ഇതിഹാസ നടനെ ഉദാഹരണമായി കാട്ടി സഞ്ജു പറഞ്ഞുവച്ചത്.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന് എതിരെ നടന്ന രണ്ടാമത്തെ സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായി സഞ്ജയ് മഞ്ജരേക്കറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ 'ലാല്‍ റഫറന്‍സ്'.
അഭിമുഖം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു ചോദ്യം കൂടി എന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയത്. "നിങ്ങൾക്ക് മൂന്ന് ടി20 സെഞ്ച്വറികൾ ഉണ്ട്. മൂന്നും നേടിയത് ഓപ്പണറായി ഇറങ്ങി..." ആങ്കർ ചോദിച്ച് നിർത്തിയപ്പോള്‍ ഇതില്‍ ചോദ്യം എന്താണ് എന്നായി സഞ്ജു. ഏറ്റവും കംഫർട്ടബിള്‍ ആയ ബാറ്റിങ് പൊസിഷന്‍ ഏതാണെന്നാണ് ചോദ്യം എന്ന് മഞ്ജരേക്കർ വ്യക്തമാക്കി. ഉത്തരം വലിയ വിവാദമാകാന്‍ സാധ്യതയുണ്ടെന്ന് അറിയാവുന്ന സഞ്ജു തന്ത്രപരമായി അതിനെ നേരിട്ടു. നേരെ മോഹന്‍ലാലിലേക്ക്.
"അടുത്തിടെ, ഞങ്ങുടെ ലാലേട്ടന്‍...കേരളത്തില്‍ നിന്നുള്ള സിനിമാ താരം മോഹന്‍ലാലിന് രാജ്യത്തെ വളരെ വലിയ ഒരു അവാർഡ് ലഭിച്ചു. കഴിഞ്ഞ 30-40 വർഷമായി അദ്ദേഹം അഭിനയിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നു. അതുകൊണ്ട്, നായക വേഷം മാത്രമേ ചെയ്യാൻ കഴിയൂ എന്ന് എനിക്ക് പറയാനാവില്ല. എനിക്ക് വില്ലനാകണം, ജോക്കറാകണം. ഒരു ഓപ്പണറായിട്ടാണ് ഞാന്‍ റണ്‍സ് എടുത്തിട്ടുള്ളതെന്ന് പറയാനാവില്ല. ഇത് കൂടി ശ്രമിച്ചുനോക്കട്ടെ. എനിക്ക് ഒരു നല്ല വില്ലനായിക്കൂടേ?," സഞ്ജു പറഞ്ഞു. കാര്യമായിട്ട് ഒന്നും മനസിലാകാതെ നിന്ന സഞ്ജയ് മഞ്ജരേക്കറിനോട് "സഞ്ജു 'മോഹന്‍ലാല്‍' സാംസണ്‍" എന്നും താരം കൂട്ടിച്ചേർത്തു.
മോഹന്‍ലാലിന് ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ലഭിച്ചതിനു പിന്നാലെയുളള സഞ്ജുവിന്റെ ഈ മറുപടിയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ക്രിക്കറ്റർ എന്ന നിലയില്‍ ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ സജ്ജനായിരിക്കണമെന്നും എങ്കില്‍ മാത്രമേ താന്‍ വിജയിക്കൂ എന്നുമാണ് സഞ്ജു പറയാതെ പറഞ്ഞത്.
നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 41 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 127 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് ഓർഡറില്‍ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാത്തതാണ് വിമർശനങ്ങള്‍ക്ക് കാരണം. വണ്‍ ഡൗണായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മലയാളി താരത്തെ ഒഴിവാക്കി ശിവം ദുബെയാണ് മൂന്നാമനായി ഇറങ്ങിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് എടുത്ത് താരം പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങള്‍ പാളിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.