ന്യൂസിലന്‍ഡ് സീരീസില്‍ 10,6,0,24,6 എന്നിങ്ങനെ വളരെ മോശം സ്‌കോറുകള്‍ എടുത്ത സഞ്ജു ടി20 ലോകകപ്പില്‍ കളിക്കാനെത്തുമ്പോള്‍ ഈ സീസണിലെ ഇന്ത്യന്‍ ടീമിന്റെ കേന്ദ്ര ബിന്ദുവാകുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് സത്യം! ഇത്തവണത്തെ ടി20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്. പക്ഷെ ലോകകപ്പ് ഇന്ന് അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി കേരളത്തില്‍ നിന്നുള്ള 31 കാരനായ സഞ്ജു സാംസണ്‍ മാറുന്ന അവിസ്മരണീയമായ കാഴ്ച.
ടി 20 ലോകകപ്പില്‍ ഇന്ത്യ-നമീബിയ മത്സരമായിരുന്നു ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ മാച്ച്. എട്ട് ബോളില്‍ 22 റണ്‍സ് എടുത്ത് സഞ്ജു സാന്നിധ്യമറിയിച്ചു. അതുകഴിഞ്ഞ് ഇന്ത്യ- സിംബാബ്‍വെ മത്സരത്തില്‍ 15 ബോളില്‍ 24 റണ്‍സ്. അതും സഞ്ജു ആരാധകരെ തൃപ്തിപ്പെടുത്തുന്ന റണ്‍സ് ആയിരുന്നില്ല.
എന്നാല്‍ സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. ആ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തില്‍ 97 റണ്‍സുകള്‍ നേടി പുറത്താവാതെ നിന്നു. സഞ്ജുവിനും ഇന്ത്യന്‍ ടീമിനും അത് അഭിമാന നിമിഷമായിരുന്നു. അന്ന് കളി അവസാനിക്കാന്‍ നാല് പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 5 വിക്കറ്റുകള്‍ക്ക് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ സഞ്ജു പ്ലെയര്‍ ഓഫ് ദ മാച്ചായി. ഫോമിലല്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അന്ന് സഞ്ജുവിന്റെ 97 ന്റെ തിളക്കം.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓപ്പണറായി സഞ്ജുവിറങ്ങി. വീണ്ടും അര്‍ധ സെഞ്ച്വറി തികച്ച് 42 പന്തില്‍ 89 റണ്‍സ് നേടിയാണ് സഞ്ജു പുറത്താകുന്നത്. ആ മാച്ചിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി. അതേനേട്ടം സഞ്ജു ഫൈനലിലും ആവര്‍ത്തിച്ചു. 46 പന്തില്‍ 89 റണ്‍സ് നേടി റെക്കോര്‍ഡും സ്വന്തമാക്കിയാണ് സഞ്ജു ഇന്ന് ക്രീസ് വിട്ടത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 255 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്കെത്താന്‍ സഹായിച്ച അവിഭാജ്യ ഘടകങ്ങളിലൊന്ന് സഞ്ജുവാണെന്ന് നിസംശയം പറയാം.
2026ലെ ലോകകപ്പ് ഫൈനലിലെ ലോക റെക്കോര്‍ഡും സഞ്ജു നേടിയെന്നത് ശ്രദ്ധേയമാണ്. ടി 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജു ഇതോടെ നേടി. നേരത്തെ മാര്‍ലോണ്‍ സാമുവല്‍സ്- 85 റണ്‍സും കേന്‍ വില്യംസണിന്റെ 85 റണ്‍സുമായിരുന്നു മികച്ച സ്‌കോറുകള്‍. ഒടുവില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിടുമ്പോള്‍ സഞ്ജുവിന്റെ പഞ്ചുള്ള ബാറ്റിങ്ങിനെ എങ്ങനെ വിസ്മരിക്കും.