CRICKET

'അൺ സ്റ്റോപ്പബിൾ സാംസൺ', ഫൈനലിൽ സഞ്ജു തരംഗം; മലയാളികൾക്ക് ഇത് ഹാപ്പി ഡേയ്സ്

കഴിഞ്ഞ മത്സരത്തിലെന്ന പോലെ 89 റണ്‍സാണ് ലോകകപ്പ് ഫൈനലിലും സഞ്ജു നേടിയത്

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മലയാളികൾക്ക് ഇത് ഹാപ്പി ഡേയ്സ്... ആനന്ദാതിരേകത്താൽ കണ്ണുകൾ ഈറനണിയുന്ന നാളുകൾ. കഴിഞ്ഞ ലോകകപ്പിൽ ബെഞ്ചിലിരുന്ന് കളികണ്ട സഞ്ജുവിനെയല്ല ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും മുന്നേ വാങ്ക‍ഡെ സ്റ്റേഡിയത്തിലും നമ്മൾ കണ്ടത്. ക്ഷമയോടെ കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അൽപ്പം വൈകിയാണെങ്കിലും വന്നുചേരുമെന്നുള്ള വാക്കുകളെ അന്വർഥമാക്കുന്ന കാഴ്ചയാണ്. രോഹിത്തിനും വിരാടിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് അടക്കിഭരിക്കാനെത്തുന്ന രാജാവിൻ്റെ പട്ടാഭിഷേക നാളുകൾക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെന്ന പോലെ 89 റണ്‍സാണ് ലോകകപ്പ് ഫൈനലിലും സഞ്ജു നേടിയത്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. ഇന്ത്യന്‍ സ്കോറിങിന്‍റെ വേഗമുയര്‍ത്തി ഇന്നിങ്സുകളിലൊന്ന്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്സ്. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡും സഞ്ജു സ്വന്തമാക്കി. 2016ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവയാണ് സഞ്ജു മറികടന്നത്. ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരം എന്ന റെക്കോര്‍ഡ് സഞ്ജുവിന്‍റെ പേരിലാണ്. 24 സിക്സറാണ് സഞ്ജു നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ 20 സിക്സര്‍ നേടിയ ഫിന്‍ അലെന്‍റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. എട്ട് സിക്സറാണ് സഞ്‍ജു ഫൈനലില്‍ മാത്രം നേടിയത്.

"അബ്‌സല്യൂട്ട് സിനിമ" എന്നല്ലാതെ മലയാളിയായ സഞ്ജു സാംസൻ്റെ ചിറകിലേറി ഇന്ത്യൻ ടീം ലോകകപ്പിൽ നടത്തിയ മുന്നേറ്റത്തെ മറ്റെന്ത് പേരിട്ട് വിളിക്കാനാണ്. പ്രായം 31നോടടുത്ത് എത്തിനിൽക്കെ ഈ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ നീലപ്പടയുടെ ജേഴ്സിയിൽ വീണ്ടും സൂര്യതേജസ്സോടെ കത്തിജ്വലിക്കുകയാണ്. അത് ടി20 ലോകകപ്പ് വേദിയിലാണെന്നത് കാലം അയാളെ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തുന്നതിന് നമ്മൾ മലയാളികൾ അഭിമാനത്തോടെ സാക്ഷ്യം വഹിക്കുകയാണ്.

നിരവധി വർഷങ്ങൾ ടീമിലൊരു വഴിപോക്കനെ പോലെ സഞ്ജു വന്നും പോയുമിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ പകരക്കാരൻ്റെ ബെഞ്ചിലിരുന്നും ഗ്രൗണ്ടിൽ സഹതാരങ്ങൾക്ക് വെള്ളം കൊടുത്തും കാലം തള്ളിനീക്കാനേ അയാൾക്ക് സമയം ലഭിച്ചുള്ളൂ. 'ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ' എന്ന ഹാഷ് ടാഗിലൂടെ അയാളെ പിന്തുണയ്ക്കാനും പരിഹസിക്കാനും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എന്നും രണ്ട് തട്ടിലായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് അയാളിലെ പ്രതിഭയോട് നീതി കാട്ടിയത് നീണ്ട 16 വർഷങ്ങൾക്കിപ്പുറം മാത്രമാണെന്നത് ഒരു ദുഃഖസത്യമാണ്. 2015ൽ ഇന്ത്യൻ ജേഴ്സിയിൽ ടി20 അരങ്ങേറ്റം കുറിച്ച ഈ ക്ലാസിക് ഹിറ്റർക്ക് ആദ്യമായി പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താനായത് 2023ൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു. ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു വരവറിയിച്ചു.

എന്നാൽ പിന്നീട് ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കുക പോലും ചെയ്യാതെ സെലക്ടർമാർ അവനോട് കാട്ടിയത് കടുത്ത അവഹേളനം. പേസർമാരെ അതിരറ്റ് തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചിൽ. ക്ലാസിക് കവർ ഡ്രൈവുകളിലൂടെയും പുൾ ഷോട്ടുകളിലൂടെയും ഏകദിന സെഞ്ച്വറി നേടി വരവറിയിച്ച കേരളത്തിൽ നിന്നുള്ള ബാറ്റിങ് പ്രതിഭയെ പിന്നീട് യുക്തിരഹിതമായി. ഫോർമാറ്റുകളിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് ഭാവി നശിപ്പിക്കാനായിരുന്നു ബിസിസിഐയും സെലക്ടർമാരും ശ്രമിച്ചത്. എന്നാൽ ആ കെട്ട കാലവും കൂളായി തന്നെ സഞ്ജു അതിജീവിച്ചു. ഗൗതം ഗംഭീർ യുഗത്തിൽ സഞ്ജുവിന് വൈകിയാണെങ്കിലും വീണ്ടും ടീമിലേക്ക് വിളിയെത്തി.

അതിന് പ്രത്യുപകാരമായി 2024ൽ ടി20 ഫോർമാറ്റിൽ ഇന്ത്യക്കാരുടെ റൺവേട്ടയിൽ ഒന്നാമനായി മാറിയ സഞ്ജു സാംസൺ, അയാളുടെ കരിയറിലെ പീക്ക് ഫോമിലേക്ക് ഉദിച്ചുയർന്നു. വിയർപ്പു തുന്നിയിട്ട നീലകുപ്പായത്തിൽ ബൗളർമാരെ തച്ചുടയ്ക്കുന്ന സംഹാരരൂപമാണ് അവൻ പുറത്തെടുത്തത്. അഞ്ച് തുടർച്ചയായ ടി20 മത്സരങ്ങളിൽ നിന്ന് പിറന്നത് മൂന്ന് വെടിക്കെട്ട് സെഞ്ച്വറികൾ. അത് ടി20 ഫോർമാറ്റിൽ അനിതരസാധാരണമായൊരു ബാറ്റിങ് വിരുന്നായി. അതിനിടയിൽ ബംഗ്ലാദേശി ബൗളർക്കെതിരെ ഒരോവറിൽ അഞ്ച് തുടരൻ സിക്സറുകൾ പറത്തിയ സഞ്ജു മാജിക്കും ലോകം വീക്ഷിച്ചു.

എന്നാൽ തുടർന്നങ്ങോട്ടേക്ക് ടി20യിലെ ഓപ്പണർ സ്ഥാനം ശുഭ്മാൻ ഗില്ലിന് തിരികെ നൽകി ഫിനിഷറുടെ റോളിൽ സഞ്ജുവിനെ ഒതുക്കാനും ശ്രമം നടന്നു. പവർപ്ലേയിൽ ഫിയർലെസായി തകർത്തടിച്ചിരുന്ന സഞ്ജുവിനെ അനാവശ്യമായി സമ്മർദ്ദത്തിന് അടിമപ്പെടുത്തുന്ന.. മോശം തീരുമാനമായി അത് പിന്നീട് വിമർശിക്കപ്പെട്ടു. ഗില്ലിനെ വച്ചുള്ള പരീക്ഷണം സമ്പൂർണ പരാജയമായതോടെ ലോകകപ്പിനുള്ള ടീമിൽ മുന്നോടിയായി ന്യൂസിലൻഡ് പര്യടനത്തിലേക്ക് സഞ്ജു തിരിച്ചെത്തി. എന്നാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അയാൾ തീർത്തും നിറംമങ്ങി. ന്യൂസിലൻഡ് പര്യടനത്തിൽ ഒരു ഇംപാക്ട് ഉണ്ടാക്കി ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുകയായിരുന്നു സഞ്ജുവിൻ്റെ ലക്ഷ്യം. എന്നാൽ സഞ്ജുവിൻ്റെ ഫോം ഔട്ട് ഇഷാൻ കിഷനെ തുണച്ചു. ലോകകപ്പിൻ്റെ തുടക്കത്തിൽ അഭിഷേകിനൊപ്പം ഓപ്പണറായി ഇഷാൻ തകർത്തുകളിച്ചു.

സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വൻ പരാജയവും അഭിഷേക് ശർമയുടെ നിറംമങ്ങലുമാണ്. ടൂർണമെൻ്റിലെ നോക്കൗട്ട് ഘട്ടത്തിൽ സഞ്ജുവിന് തിരിച്ചുവരവിന് കളമൊരുക്കിയത്. എന്നാൽ ഏറെനാൾ കാത്തിരുന്ന് ലഭിച്ച അവസരം അയാൾ കഴിയാവുന്നത് പോലെയൊക്കെ മുതലെടുത്തു. ആദ്യമൊക്കെ ചെറിയ സ്കോറുകളിൽ പുറത്തായെങ്കിലും ഇന്ത്യൻ ടോപ് ഓർഡറിന് നഷ്ടപ്പെട്ട ആത്മവിശ്വാസം സഞ്ജു വീണ്ടെടുത്ത് നൽകി.

പിന്നീട് 'ക്വാർട്ടർ ഫൈനൽ' എന്ന് വിളിപ്പേര് ലഭിച്ച വിൻഡീസിനെതിരായ സൂപ്പർ 8 മാച്ചിൽ പുറത്താകാതെ നേടിയ 97 റൺസുമായി ഇന്ത്യയെ ഒറ്റയ്ക്ക് സഞ്ജു സാംസൺ സെമി ഫൈനലിലേക്ക് നയിച്ചു. കടുത്ത വിമർശകരെ കൊണ്ട് പോലും അയാൾ കയ്യടിപ്പിച്ചു. അവരെയെല്ലാം തൻ്റെ ബാറ്റിങ് മാന്ത്രികതയാൽ സഞ്ജു സാംസൺ വശീകരിച്ചു. ഇനി ഒരിക്കലും അവഗണിക്കാനാകാത്ത വിധം തന്നിലേക്ക് അടുപ്പിച്ചുനിർത്തി. എതിരാളികൾ അയാളുടെ പേര് കേട്ട് വിറച്ചു. ലോകം മുഴുവൻ സഞ്ജുവെന്ന ഒറ്റപ്പേരിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയ ആനന്ദവേള!! ഇംഗ്ലണ്ടിനെതിരായ സെമിയിലും അതേ ആത്മവിശ്വാസത്തോടെ സഞ്ജു ബാറ്റുവീശിയതോടെ ലോകകപ്പിൽ പിന്നീട് അലയടിച്ചത് 'സഞ്ജു മാനിയ'.

ഇത്ര അനായാസമായി ബൗളറുടെ തലയ്ക്ക് മുകളിലൂടെ എങ്ങനെ സിക്സറുകൾ നേടുന്നുവെന്ന ചോദ്യങ്ങൾക്ക് മുന്നിൽ സഞ്ജുവിൻ്റെ മറുപടി ലളിതമാണ്... "ഞാൻ പന്ത് നോക്കി ബാറ്റ് വീശിയടിക്കുന്നു, അത്ര മാത്രം...!!" 2013 ഐപിഎൽ സീസൺ മുതൽ സഞ്ജുവിൻ്റെ പ്രതിഭ എന്താണെന്ന് ഇന്ത്യക്കാർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ലോകം മുഴുവൻ ആ ജീനിയസിനെ തിരിച്ചറിയുന്ന സുന്ദര നിമിഷമാണിത്. നമ്മൾ മലയാളികൾക്കാകട്ടെ അതൊരു പ്രൗഡ് മൊമൻ്റും!!!

SCROLL FOR NEXT