സഞ്ജു സാംസൺ 
CRICKET

വിക്കറ്റിന് പിന്നിൽ വിസ്മയ ക്യാച്ചുമായി 'പറക്കും സാംസൺ'

കുറഞ്ഞ റിയാക്ഷൻ ടൈമിൽ സഞ്ജു ഇടത്തേക്ക് ഡൈവ് ചെയ്തു ഇടംകൈ കൊണ്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

നാഗ്‌പൂർ: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ ആദ്യ മാച്ചിൽ ബാറ്റിങ്ങിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഇന്ത്യൻ ബൗളിങ്ങിൽ പറക്കും ക്യാച്ചുമായി തിളങ്ങി സഞ്ജു സാംസൺ. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് അത്യന്തം അപകടകാരിയായ ഡെവോൺ കോൺവേയെ സഞ്ജു തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയത്.

ഓഫ് സൈഡിന് പുറത്ത് സ്വിങ് ചെയ്യിപ്പിച്ചു കൊണ്ട് എറിഞ്ഞ പന്തിൽ ഇടങ്കയ്യനായ ഡെവോൺ കോൺവേ ബാറ്റ് വയ്ക്കുകയായിരുന്നു. കുറഞ്ഞ റിയാക്ഷൻ ടൈമിൽ സഞ്ജു ഇടത്തേക്ക് ഡൈവ് ചെയ്തു ഇടംകൈ കൊണ്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

മത്സരത്തിനിടെ കമൻ്റേറ്റർമാരും സഞ്ജുവിൻ്റെ ക്യാച്ചിനെ പ്രശംസിക്കുന്നുണ്ടായിരുന്നു. 'സഞ്ജു സാംസണിൻ്റെ ഒറ്റക്കയ്യൻ സ്ക്രീമർ ക്യാച്ച്" എന്നാണ് ബിസിസിഐ ഈ വീഡിയോ ഒഫീഷ്യൽ പേജിൽ പങ്കുവച്ച് തലവാചകം നൽകിയത്.

അതേസമയം, ഓടിക്കൂടിയ ഇന്ത്യൻ താരങ്ങളും സഞ്ജുവിനെ പ്രശംസിക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഭിഷേകുമെല്ലാം സഞ്ജുവിനെ അഭിനന്ദിക്കാൻ ഓടിയെത്തുന്നത് വീഡിയോയിലും കാണാം.

SCROLL FOR NEXT