സർഫറാസ് ഖാൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക് 
CRICKET

ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി സർഫറാസ് ഖാൻ

ഐപിഎൽ മിനി താരലേലം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറൂകൾക്ക് മുമ്പാണ് സർഫറാസ് ഖാൻ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: സർഫറാസ് ഖാന് ഇത് നല്ല കാലമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ മുംബൈയ്ക്കായി തകർപ്പൻ ഫോമിലാണ് ഈ താരം കളിക്കുന്നത്. ഐപിഎൽ മിനി താരലേലം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറൂകൾക്ക് മുമ്പാണ് സർഫറാസ് ഖാൻ 22 പന്തിൽ നിന്ന് 73 റൺസുമായി മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഏഴ് സിക്സറുകളും ആറ് ബൗണ്ടറികളും താരം ഗ്രൗണ്ടിൻ്റെ നാലുപാടും പായിച്ചു.

രാജസ്ഥാൻ ഉയർത്തിയ 217 റൺസിൻ്റെ വിജയലക്ഷ്യം ചേസ് ചെയ്യുമ്പോഴാണ് സർഫറാസ് തകർത്തടിച്ചത്. മൂന്ന് വിക്കറ്റും 11 പന്തും ശേഷിക്കെ മുംബൈ ഈ ലക്ഷ്യം മറികടന്നു. അജിൻക്യ രഹാനെക്കൊപ്പം പടുത്തുയർത്തിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 38 പന്തിൽ നിന്ന് 111 റൺസാണ് സഖ്യം വാരിയത്. നേരത്തെ സമാനമായി ഹൈദരാബാദിനെതിരായ മത്സരത്തിലും മിന്നൽ ഫോമിലായിരുന്നു സർഫറാസ് ഖാൻ. 25 പന്തിൽ നിന്ന് 64 റൺസുമായി 235 റൺസിൻ്റെ വിജയലക്ഷ്യമാണ് മുംബൈ മറികടന്നത്.

രാജസ്ഥാനെതിരായ മാച്ചിന് പിന്നാലെ ഐപിഎൽ 2026 മിനിതാരലേലത്തിൽ നിന്നും ഒരു സന്തോഷ വാർത്തയാണ് സർഫറാസ് ഖാനെ തേടിയെത്തിയത്. ഐപിഎല്ലിൽ അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. സർഫറാസിൻ്റെ ബേസ് വിലയായ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെടുത്തത്.

വർഷങ്ങളോളം ഐപിഎൽ ലേലങ്ങളിൽ സർഫറാസ് ഖാൻ തഴയപ്പെട്ടിരുന്നു. ഇന്നലെ ആദ്യ റൗണ്ടുകളിൽ തഴയപ്പെട്ട ശേഷം, ആറാമനായാണ് സർഫറാസിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇതിന് നന്ദി സൂചകമായി സർഫറാസ് ഖാൻ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ആധാരമാക്കിയെടുത്ത ജേഴ്സി എന്ന സിനിമയിലെ ഒരു വൈകാരികമായ രംഗമാണ് താരം പങ്കുവച്ചത്. "എനിക്ക് പുതിയ ജീവിതം തന്നതിന് വളരെ നന്ദി സി‌എസ്‌കെ," സർഫറാസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

2023ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സർഫറാസ് അവസാനമായി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ചത്. ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇതുവരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 64 ശരാശരിയിലും 182.85 സ്ട്രൈക്ക് റേറ്റിലും സർഫറാസ് 256 റൺസ് നേടിയിട്ടുണ്ട്.

SCROLL FOR NEXT