കൊൽക്കത്ത: ട്വൻ്റി20 ലോകകപ്പിൽ ഈഡൻ ഗാർഡൻസിൽ ഇന്ന് നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇറ്റലിയെ 73 റൺസിന് തകർത്ത് സ്കോട്ട്‌ലൻഡ്. ടി20 ലോകകപ്പിലെ തിളക്കമാർന്ന വിജയങ്ങളിലൊന്നാണ് അവർക്ക് നേടാനായത്. ടോസ് നേടിയ ഇറ്റലി ആദ്യം സ്കോട്ട്‌ലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
54 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ ജോർജ് മുൻസെയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് സ്കോട്ട്ലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. ബ്രാൻഡൻ മക്ക്‌മുള്ളൻ (18 പന്തിൽ 41), മൈക്കൽ ജോൺസ് (37) എന്നിവരും മികച്ച പിന്തുണയേകി. നിശ്ചിത ഓവറിൽ വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ട്‌ലൻഡ് 207 റൺസെടുത്തത്.
ഇറ്റലിയുടെ മറുപടി 16.4 ഓവറിൽ 134ൽ ഒതുങ്ങി. ബെൻ മനെൻടി (52), ഹാരി മനെൻടി (37), ജെജെ സ്മട്സ് (22) എന്നിവരാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സ്കോട്ട്‌ലൻഡിനായി നാലോവറിൽ 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റെടുത്ത മൈക്കൽ ലീസ്ക് ആണ് പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.