

ലാഹോർ: ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം ബഹിഷ്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ മൂന്ന് നിർദേശങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ വച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഞായറാഴ്ച ലാഹോറിൽ നടന്ന ത്രികക്ഷി ചർച്ചയിലാണ് ഈ നിർദേശങ്ങൾ അവർ ഐസിസിക്ക് മുന്നിൽ അവതരിപ്പിച്ചത്.
ബംഗ്ലാദേശിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം, ടൂർണമെൻ്റിൽ നിന്ന് പിന്മാറിയെങ്കിലും ബംഗ്ലാദേശിന് പങ്കാളിത്ത ഫണ്ടിൻ്റെ ഷെയർ നൽകണം, ഭാവിയിലും ഐസിസി ഇവൻ്റുകൾ നടത്താനുള്ള അനുമതി നൽകണം എന്നിവയാണ് പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വച്ച നിർദേശങ്ങൾ. ഇതിന് പുറമെ ഇന്ത്യയുമായി ലോകകപ്പ് മത്സരം കളിക്കണമെങ്കിൽ താരങ്ങൾ തമ്മിൽ ഹസ്തദാനം നൽകണമെന്നും പിസിബി ആവശ്യമുന്നയിച്ചു. പിസിബി അധ്യക്ഷൻ ഈ വിഷയത്തിൽ കടുംപിടുത്തം തുടരുകയാണ്.
ആഗോള ക്രിക്കറ്റിനായി ബംഗ്ലാദേശ് നൽകിവരുന്ന വർധിച്ചുവരുന്ന സംഭാവന കണക്കിലെടുത്ത്, ഐസിസിയിൽ നിന്ന് ഉയർന്ന സാമ്പത്തിക വിഹിതം തേടുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അയൽരാജ്യത്തെ ക്രിക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിഭകളെ വളർത്തിയെടുക്കൽ, ദേശീയ ടീമിൻ്റെ മത്സര നിലവാരം എന്നിവ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി മെച്ചപ്പെട്ട ധനസഹായം അത്യാവശ്യമാണെന്നും ബോർഡ് വാദിക്കുന്നു.
2. ടി20 ലോകകപ്പിൽ പുറത്തായിട്ടും ബംഗ്ലാദേശിന് പങ്കാളിത്ത ഫീസ് ഉറപ്പാക്കണം
സുരക്ഷാ കാരണങ്ങളെ ചൊല്ലി ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് നേരത്തെ പിന്മാറിയെങ്കിലും, ഐസിസി ഒരു ഗ്യാരണ്ടീഡ് പങ്കാളിത്ത ഫീസ് അവർക്ക് നൽകണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ രണ്ടാമത്തെ ആവശ്യം. ടൂർണമെൻ്റിലെ പ്രകടനം പരിഗണിക്കാതെ തന്നെ ടീമുകൾ തയ്യാറെടുപ്പിനായി വളരെയധികം നിക്ഷേപം നടത്തുന്നുണ്ടെന്നും, അതിനാൽ അടിസ്ഥാന സാമ്പത്തിക സുരക്ഷ അവർ അർഹിക്കുന്നുണ്ടെന്നും പിസിബി അംഗങ്ങൾ വാദിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ സമ്പദ്‌വ്യവസ്ഥയും ആഗോള ദൃശ്യപരതയും വർധിപ്പിക്കുന്നതിനായി വരാനിരിക്കുന്ന ഒരു ഐസിസി ടൂർണമെൻ്റ് നടത്താനുള്ള അവസരമാണ് ബംഗ്ലാദേശ് മൂന്നാമതായി തേടിയത്. ഐസിസിയുടെ ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റ് വിജയകരമായി നടത്താൻ ആവശ്യമായ സൗകര്യങ്ങളും ആരാധക പിന്തുണയും ഇപ്പോൾ ബംഗ്ലാദേശിൽ ഉണ്ടെന്നും പാക് ക്രിക്കറ്റ് ബോർഡ് വാദിച്ചു.
അതേസമയം, ഈ വിഷയങ്ങളിൽ ഐസിസിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായാലും ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് അന്തിമ തീരുമാനമൊന്നും പാക് ക്രിക്കറ്റ് ബോർഡ് എടുത്തിട്ടില്ല. പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി വൈകാതെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ഞായറാഴ്ചത്തെ ലാഹോറിലെ ത്രികക്ഷി ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.