ഡൽഹി: ഇന്ത്യൻ ടീമിൽ ഒന്നിച്ച് കളിക്കാൻ വീരേന്ദർ സെവാഗിൻ്റെയും രാഹുൽ ദ്രാവിഡിൻ്റെയും മക്കൾ. ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന ടീമിൽ ഇടംപിടിച്ച് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും. ചതുർദിന ടീമിൽ മലയാളി താരം മാനവ് കൃഷ്ണയും കളിക്കും. സെപ്റ്റംബർ 18, 21, 23 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. തുടർന്ന് സെപ്റ്റംബർ 27 മുതൽ 30 വരെയും ഒക്ടോബർ അഞ്ച് മുതൽ എട്ട് വരെയും രണ്ട് മൾട്ടി-ഡേ മത്സരങ്ങളും നടക്കും. രാജ്കോട്ടും അഹമ്മദാബാദുമാണ് വേദികൾ.
മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗ് വലംകൈ ബാറ്ററാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇന്ത്യ അണ്ടർ 19 ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് യുവതാരത്തിന്റെ കരിയറിലെ നിർണായക ചുവടുവയ്പ്പാണ്.
മുൻ ഇന്ത്യൻ നായകനും ഇതിഹാസ ബാറ്ററുമായ രാഹുൽ ദ്രാവിഡിന്റെ മകനാണ് അന്വയ് ദ്രാവിഡ്. വിക്കറ്റ് കീപ്പർ-ബാറ്ററായ അന്വയ് നേരത്തെയും ജൂനിയർ തലത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിൽ ഇടം നേടിയതോടെ ദ്രാവിഡ് കുടുംബത്തിലെ ക്രിക്കറ്റ് പാരമ്പര്യം പുതിയ തലമുറയിലേക്കും എത്തുകയാണ്. വർഷങ്ങൾക്കുശേഷം സെവാഗിന്റെയും ദ്രാവിഡിന്റെയും പേരുകൾ ഒരേ ഇന്ത്യൻ ടീമിന്റെ സ്ക്വാഡിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഓപ്പണിങ്-മിഡിൽ ഓർഡർ കൂട്ടുകെട്ടുകളിലൊന്നായിരുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ലക്ഷ്യ റായ്ചന്ദാനിയാണ് ഇന്ത്യൻ ടീമിന്റെ നായകൻ. യശ്വർധൻ ചൗഹാനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. മൾട്ടി-ഡേ മത്സരങ്ങളിൽ യശ്വർധൻ ചൗഹാൻ നായകനും ലക്ഷ്യ റായ്ചന്ദാനി വൈസ് ക്യാപ്റ്റനുമായിരിക്കും.