

ബെയ്ജിംങ്: വടംവലിക്കുന്ന ഭാരം ഉയർത്തുന്ന റോബോട്ടുകളെ കണ്ടിട്ടുണ്ടോ?ചൈനയിൽ നടക്കുന്ന റോബോട്ടിക് ഗെയിംസിൽ വിസ്മയിപ്പിക്കുന്ന കാഴചകളാണ് പുറത്ത് വരുന്നത്. 100 മീറ്റർ 9 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്ത് റെക്കോർഡ് നേട്ടവും തുടരുകയാണ്. മനുഷ്യരെപ്പോലെ വടംവലിക്കുന്നു.ഭാരം ഉയർത്തുന്നു. ജിംനാസ്റ്റിക്സ് ചെയ്യുന്നു.100 മീറ്ററിൽ ഓടുന്നു. എന്തിനേറെ, ഹർഡിൽസ് വരെ പൂർത്തിയാക്കുന്നു റോബോട്ടുകൾ.
കായികലോകത്ത് ഇതുവരെ മനുഷ്യരുടെ മാത്രം കുത്തകയായിരുന്ന മത്സരവേദികളിലേക്ക് റോബോട്ടുകളും എത്തിയിരിക്കുകയാണ്. ചൈനയിൽ നടക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിക് ഗെയിംസിൻ്റെ രണ്ടാം പതിപ്പാണ് റോബോട്ടുകളുടെ കായികശേഷിയുടെ പുതിയ കാഴ്ചകൾ ലോകത്തിന് മുന്നിലെത്തിക്കുന്നത്. റഫറിയുടെ നിർദേശത്തിനനുസരിച്ച് വടംവലിക്കുന്ന റോബോട്ടുകൾ. എതിർടീമിനെ തോൽപ്പിച്ച് വിജയിക്കുന്ന റോബോട്ടുകൾ. കാഴ്ചക്കാർക്ക് കൗതുകമാകുന്നതിനൊപ്പം റോബോട്ടിക്സ് എത്രത്തോളം മുന്നേറിയെന്നതിൻ്റെ തെളിവുകൂടിയാണ് ഈ മത്സരങ്ങൾ.
ഭാരം ഉയർത്തുന്ന ഹൂമനോയിഡ് റോബോട്ട്. അവ നിലത്ത് നിന്ന് ഭാരം ഉയർത്തി കൃത്യമായി ശരീരത്തിന് മുകളിൽ ഉയർത്തുന്നു. ശരീരത്തിൻ്റെ ഉപയോഗം ഏറെ വേണ്ട ജിംനാസ്റ്റിക്സിലും റോബോട്ടുകളെ കാണാം. ടിയാൻസോ റോബോട്ട് ചാടിയത് 3.4 മീറ്ററാണ്. കഴിഞ്ഞ ദിവസം ഉസൈൻ ബോൾട്ടിൻ്റെ 100 മീറ്റർ റെക്കോർഡ് തകർത്ത പ്രകടനം ഗെയിംസിൽ കണ്ടെങ്കിൽ 9 സെക്കൻഡിന് താഴെ 100 മീറ്ററിൽ ഫിനിഷ് ചെയ്ത് വീണ്ടും റോബോകൾ ലോകത്തെ ഞെട്ടിച്ചു. റോബോട്ടുകൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ഹർഡിൽസ് മത്സരങ്ങളും ഗെയിംസിലുണ്ട്. സമയമെടുത്താണെങ്കിലും റോബോട്ടുകൾ മത്സരം പൂർത്തിയാക്കി.
എഐയുടെയും റോബോട്ടിക്സിൻ്റെയും സാധ്യതകൾ പരീക്ഷിക്കുന്ന വേദി കൂടിയാണ് ഹ്യൂമനോയിഡ് റോബോട്ടിക് ഗെയിംസ്. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് എഐയുടെ സഹായത്തോടെ ഇത്തവണ റോബോട്ടുകളുടെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടെന്നാണ് വിലയിരുത്തൽ. മനുഷ്യരുടെ ചലനങ്ങൾ അനുകരിക്കുന്നതിൽ നിന്ന് മനുഷ്യരുടെ പ്രകടനങ്ങളെ വെല്ലുവിളിക്കുന്നതിലേക്കാണ് റോബോട്ടുകൾ നീങ്ങുന്നത്.