ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മൂടൽ മഞ്ഞ് മൂലം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐയെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ക്രിക്കറ്റ് കളിക്കാൻ പോലും ആകാത്തത്ര മോശം വായു മലിനീകരണമാണ് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും ഉള്ളതെന്നും, വായുവിൻ്റെ ഗുണനിലവാര സൂചിക 68 ആയ തിരുവനന്തപുരത്ത് ബിസിസിഐ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു എന്നും ശശി തരൂർ എക്സിൽ കുറിച്ചു.
ലഖ്‌നൗവിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. കട്ടികൂടിയ ഇടതൂർന്ന പുകമഞ്ഞും, 411ലേക്ക് താഴ്ന്ന വായുവിൻ്റെ ഗുണനിലവാരവും കാരണം, ക്രിക്കറ്റ് പോലും കളിക്കാൻ ആകാത്തത്ര മോശം ദൃശ്യപരതയാണ് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും ഉള്ളത്. വായുവിൻ്റെ ഗുണനിലവാര സൂചിക 68 ആയ തിരുവനന്തപുരത്ത് അവർ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു!
കനത്ത മൂടൽ മഞ്ഞ് മൂലം ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് ടോസ് ഇടേണ്ടിയിരുന്നത് എന്നിട്ടും, 9.30 ആയിട്ടും ടോസ് ഇടാൻ കഴിഞ്ഞിരുന്നില്ല. കനത്ത മഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നത് അനന്തമായി നീണ്ടത്. ലഖ്‌നൗവിലെ വായു നിലവാരം 400ൽ എത്തിയതോടെ താരങ്ങൾ മാസ്ക് ധരിച്ചാണ് പരിശീലനം നടത്തിയത്.
9.25ന് അമ്പയർമാർ ആറാമതും ഗ്രൗണ്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ അഹമ്മദാബാദിൽ നടക്കുന്ന അഞ്ചാമത്തേയും അവസാനത്തേയും മത്സരം ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ജയിച്ചേ തീരൂവെന്ന അവസ്ഥയിലാണ്. നിലവിൽ 2-1ന് ഇന്ത്യയാണ് പരമ്പരയിൽ മുന്നിട്ടുനിൽക്കുന്നത്.