ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്മാർ Source: X/ ICC / Lord's Cricket
CRICKET

ഇത് ബവുമയുടെ വിജയം; 27 വർഷത്തെ പ്രോട്ടീസിന്റെ കാത്തിരിപ്പിന് വിരാമം, ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്മാർ

അഞ്ച് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട് ദക്ഷിണാഫ്രിക്ക. 27 വർഷത്തെ പ്രോട്ടീസിന്റെ കാത്തിരിപ്പിന് കറുത്ത വർഗക്കാരനായ ആദ്യ നായകൻ, ടെംബ ബവുമയും സംഘവും അറുതി വരുത്തിയിരിക്കുന്നു. എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറിയുടെ കരുത്തില്‍, ബവുമയുടെ പോരാട്ട വീര്യത്തില്‍, റബാദയുടെ പേസ് മികവില്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്മാർ ആയിരിക്കുന്നു .

അഞ്ച് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ജയത്തോടെ ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി ദക്ഷിണാഫ്രിക്ക. ടെംബ ബവുമയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരിച്ച 10 മത്സരങ്ങളില്‍ ഒന്‍പതിലും ദക്ഷിണാഫ്രിക്ക പരാജയം അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഫൈനലിൽ സെഞ്ചുറി നേടിയ ഓപ്പണർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. 207 പന്തുകളില്‍ 136 റണ്‍സെടുത്ത മാര്‍ക്രം വിജയത്തിന് തൊട്ടരികിലാണ് വീണത്. അതും ജയത്തിന് വെറും ആറു റണ്‍സ് മാത്രം അവശേഷിക്കെ. ഹേസല്‍വുഡിന്റെ പന്തില്‍ ഹെഡ് പിടികൂടുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ നായകന്‍ ടെംബ ബവുമയുമായി ചേർന്ന് 147 റണ്‍സാണ് മാർക്രം പടുത്തുയർത്തിയത്. കാലിലെ പേശിവലിവ് വലയ്ക്കുമ്പോഴും ടീമിനായി ബവുമ ക്രീസില്‍ നിലയുറപ്പിച്ചു. 134 പന്തുകള്‍ നേരിട്ട ബവുമ 66 റണ്‍സെടുത്താണ് മടങ്ങിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രിസ്റ്റന്‍ സ്റ്റബ്ബ്സുമായി ചേർന്ന് മാർക്രം സ്കോറിങ് തുടരാന്‍ ശ്രമിച്ചു. എന്നാല്‍, 43 പന്തില്‍ എട്ട് റണ്‍സെടുത്ത സ്റ്റബ്സ് സ്റ്റാർക്കിന്റെ പന്തില്‍ പുറത്തായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്.

രണ്ടാം ഇന്നിങ്സില്‍ 207 റണ്‍സിനാണ് ഓസ്ട്രേലിയ പുറത്തായത്. ഒന്നാം ഇന്നിങ്സിലെ 74 റണ്‍സ് ലീഡും കൂടിയായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 281 റണ്‍സിന്റെ ലീഡ് ലഭിച്ചു. 282 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് ആരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഓപ്പണർ റയാന്‍ റിക്കല്‍ട്ടണെ (6) നഷ്ടമായി. സ്റ്റാർക്കിന്റെ ഫുള്‍ ഔട്ട് സ്വിങ്ങറിന് അനാവശ്യമായി ബാറ്റ് വെച്ചുകൊടുത്ത റിക്കല്‍ട്ടണ്‍ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഒന്‍‌പതിന് ഒന്നെന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. എന്നാല്‍, വിയാന്‍ മള്‍ഡറിന് ഒപ്പം ചേർന്ന് മാർക്രം സ്കോർ ഉയർത്തി. 61 റണ്‍സാണ് ഈ സഖ്യം നേടിയത്.

18ാം ഓവറില്‍ സ്റ്റാർക്ക് വീണ്ടും പ്രോട്ടീസിന് പ്രഹരം ഏല്‍പ്പിച്ചു. വിയാന്‍ മള്‍ഡറിന്റെ (27) വിക്കറ്റാണ് വീണത്. മള്‍ഡറിന് പിന്നാലെയെത്തിയ ടെംബ ബവുമ മാർക്രത്തിന് ശക്തമായ പിന്തുണ നല്‍കിയതോടെ പ്രോട്ടീസിന്റെ വിജയ സ്വപ്നം വീണ്ടും ഉണർന്നു. ചരിത്ര വിജയത്തിലേക്കാണ് ആ സഖ്യം ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയർത്തിയത്.

SCROLL FOR NEXT