കൊൽക്കത്ത: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിന് മുന്നിൽ 170 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 20 ഓവറിൽ 169/8 റൺസാണ് അടിച്ചെടുത്തത്. മാർക്കോ ജാൻസൺ (30 പന്തിൽ 55), ഡിവാൾഡ് ബ്രെവിസ് (34), ട്രിസ്റ്റൺ സ്റ്റബ്സിനെ (29) എന്നിവരാണ് നിർണായക മത്സരത്തിൽ ടീമിനായി തിളങ്ങിയത്. ന്യൂസിലൻഡ് ബൗളർമാരിൽ കോൾ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങി.
നേരത്തെ ടോസ് നേടിയ കീവീസ് ടീം പ്രോട്ടീസ് പടയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മത്സരത്തിലെ രണ്ടാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ക്വിൻ്റൺ ഡീകോക്കിനേയും (10) റിയാൻ റിക്കെൽട്ടനേയും (0) മടക്കി കോൾ മക്കോഞ്ചി ന്യൂസിലൻഡിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓഫ് സ്പിന്നർ കോൾ മക്കോഞ്ചിയുടെ തകർപ്പൻ ബൗളിങ്ങിലൂടെ പവർപ്ലേയിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ മൂക്കുകയറിട്ട് പിടിക്കുകയായിരുന്നു. ഇതോടെ 1.5 ഓവറിൽ 12/2 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരുങ്ങി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ഡിവാൾഡ് ബ്രെവിസും ചേർന്ന് സ്കോർ അമ്പത് കടത്തി. ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ (18) മടക്കി രചിൻ രവീന്ദ്ര നിർണായക കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ രചിൻ അപകടകാരിയായ ഡേവിഡ് മില്ലറെ (6) ഡാരിൽ മിച്ചലിൻ്റെ കൈകളിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക വിറച്ചു. പിന്നാലെ ഡിവാൾഡ് ബ്രെവിസിനെ (34) സാൻ്റ്നറുടെ കൈകളിലെത്തിച്ച് ജെയിംസ് നീഷാമും വിക്കറ്റ് വേട്ട തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ പതനം പൂർത്തിയായി. 19ാം ഓവറിലെ ആദ്യ പന്തിൽ ട്രിസ്റ്റൺ സ്റ്റബ്സിനെ (29) ലോക്കി ഫെർഗ്യൂസൻ ക്ലീൻ ബൗൾ ചെയ്തു.
ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാതെ, വമ്പന്മാരെ നിലംപരിശാക്കി എത്തുന്ന എയ്ഡൻ മാർക്രമിൻ്റെ പ്രോട്ടീസ് പടയ്ക്ക് ഇന്ന് അഗ്നിപരീക്ഷയാണ്. കന്നി കിരീടം സ്വപ്നം കണ്ട് എത്തുന്ന മിച്ചൽ സാൻ്റ്നറുടെ ബ്ലാക്ക് ക്യാപ്‌സിനെ ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കുക അത്ര എളുപ്പമല്ല.
ചരിത്രം പ്രോട്ടീസിനൊപ്പമാണ്. ടി20 ലോകകപ്പുകളിൽ ഇതുവരെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. നേർക്കുനേർ വന്നപ്പോഴെല്ലാം ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് പ്രോട്ടീസിനുള്ളത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമാണ്. എന്നാൽ നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദ്ദം അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ചോക്കേഴ്സ് എന്ന വിളിപ്പേര് ഈഡൻ ഗാർഡൻസിൽ കുഴിച്ചുമൂടാൻ ഉറച്ചാണ് മാർക്രവും സംഘവും വരുന്നത്.
കൊൽക്കത്തയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. 182 റൺസ് ശരാശരി സ്കോറുള്ള പിച്ചിൽ റൺമല തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്വിൻ്റൺ ഡീകോക്ക്, റിയാൻ റിക്കിൾട്ടൺ എന്നിവരുടെ വെടിക്കെട്ട് ഓപ്പണിങ്ങും, എയ്ഡൻ മാർക്രമിൻ്റെ കരുത്തും, ഡെവാൾഡ് ബ്രെവിസിൻ്റെയും ട്രിസ്റ്റൻ സ്റ്റബ്സിൻ്റെയും ഫിനിഷിങ്ങും ചേരുമ്പോൾ പ്രോട്ടീസ് നിര അതിശക്തമാകും.
എന്നാൽ ടിം സീഫർട്ടും ഫിൻ അലനും രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും അടങ്ങുന്ന ന്യൂസിലൻഡ് നിരയും ഒട്ടും പിന്നിലല്ല. മാറ്റ് ഹെൻറിയുടെയും സാൻ്റ്നറിൻ്റെയും ബൗളിങ് പ്രോട്ടീസിന് വെല്ലുവിളിയാണ്. മറുവശത്ത് ബൗളിങ്ങിൽ വിശ്വാസമർപ്പിക്കുന്നത് ലുംഗി എൻഗിഡിയിലും കോർബിൻ ബോഷിലുമാണ്.
ടൂർണമെൻ്റിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തുമോ? അതോ 2015 ഏകദിന ലോകകപ്പ് ഫൈനലിലെ പോലെ പ്രോട്ടീസിനെ ന്യുസീലൻഡ് തകർത്തെറിയുമോയെന്ന് കാത്തിരുന്ന് കാണാം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണിയുമുണ്ട്.