

ചെന്നൈ: ടി20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ നിർണായക സൂപ്പർ 8 മത്സരത്തിലെ സഞ്ജു സാംസൻ്റെ പ്രകടനത്തെ അഭിനന്ദിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. മത്സര ശേഷം ഡ്രസിങ് റൂമിൽ നടന്ന മാച്ച് അവലോകനത്തിനിടെ ആണ് ഗംഭീർ സഞ്ജുവിനെ വാനോളം പ്രശംസിച്ചത്.
"സഞ്ജു സാംസൺ തിരിച്ചുവരവിൽ ടീമിന് നൽകിയ തുടക്കം പ്രധാനപ്പെട്ടതായിരുന്നു" എന്നാണ് ബിസിസിഐ പങ്കുവച്ച വീഡിയോയിൽ കോച്ച് ഗംഭീർ പ്രശംസിച്ചത്. ഗംഭീർ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും പിന്നാലെ ഡ്രസിങ് റൂമിലുള്ള അസിസ്റ്റൻ്റ് ട്രെയ്നർമാരും സഹതാരങ്ങളും ചേർന്ന് കൂട്ടത്തോടെ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം.
മത്സര ശേഷം ചെപ്പോക്കിൽ കളിക്കുന്നതിൻ്റെ ത്രില്ലും സഞ്ജു മറച്ചുവച്ചില്ല. ബിസിസിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു ചെന്നൈയിലെ കാണികളോടുള്ള തൻ്റെ അൻപ് വെളിപ്പെടുത്തിയത്. "ട്രേഡിന് ശേഷം ആദ്യമായാണ് ചെന്നൈയിൽ വരുന്നത്. എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽക്ക് തന്നെ പ്രത്യേക സ്നേഹവും എനർജിയും എനിക്ക് അനുഭവിക്കാനായി," സഞ്ജു പറഞ്ഞു.
"കേരളവും തമിഴ്നാടും അടുത്തായതിനാൽ തന്നെ ഞാൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട്. അതുകൊണ്ട് കൊണ്ട് തന്നെ ഇത്തരമൊരു എനർജി എപ്പോഴും അനുഭവിക്കാറുണ്ട്. ഇത്തരമൊരു പാഷനേറ്റായ ചെന്നൈയിലെ ആരാധകക്കൂട്ടത്തിൻ്റെ ഭാഗമായതിൽ ഭാഗ്യവാനാണ്. അവരുടെ മുന്നിൽ കളിക്കാനായതും അവരെ എൻ്റർടെയ്ൻ ചെയ്യാനായതും വലിയ ഭാഗ്യമായി കരുതുന്നു. ആളുകൾ എനിക്കായി ആർപ്പുവിളിക്കുമ്പോൾ അതൊരു പ്രത്യേക ചുമതല കൂടിയാണെന്ന് മനസിലാക്കുന്നു. വളരെ സന്തോഷം, വീണ്ടും കാണാം," സിഎസ്‌കെ താരം കൂടിയായ സഞ്ജു പറഞ്ഞു.
സഞ്ജുവിനെ മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താനും നേരത്തെ പ്രശംസിച്ചിരുന്നു. "ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റിലെ ശരാശരി സ്കോർ ഏകദേശം ഏഴ് റൺസായിരുന്നു. ലോകകപ്പിൽ എല്ലാ ടീമുകളേക്കാളും ഏറ്റവും താഴ്ന്നതായിരുന്നു ഈ കണക്ക്. ഇന്ന് സഞ്ജു സാംസൺ ടീമിന് ആവശ്യമായ രീതിയിൽ കൃത്യമായി കളിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ അദ്ദേഹം സഹായിച്ചു. സഞ്ജു ചെയ്യേണ്ട ജോലി വെടിപ്പായി ചെയ്തു," ഇർഫാൻ പറഞ്ഞു.
ടീം ഇന്ത്യക്ക് മിന്നൽപ്പിണർ തുടക്കം സമ്മാനിച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്. നിർണായക മത്സരത്തിൽ 15 പന്തിൽ നിന്ന് 24 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. മുസറബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു സ്ലോ ബോൾ തൂക്കിയടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സഞ്ജു വീണ്ടും പരാജയപ്പെട്ടത് ചെപ്പോക്കിലെ ആരാധകർക്ക് നിരാശ സമ്മാനിച്ചു.
പവലിയനിൽ തിരിച്ചെത്തിയ സഞ്ജുവിനെ സഹതാരങ്ങളും അഭിനന്ദിക്കുന്നത് കാണാമായിരുന്നു. കൂടാതെ ഗൗതം ഗംഭീറും ബാറ്റിങ് കോച്ചും ഉൾപ്പെടെ സഞ്ജുവിനെ വിളിച്ചുനിർത്തി സംസാരിച്ചു. സഞ്ജുവിൻ്റെ സിക്സറുകൾക്കും ഫോറിനും ഒപ്പം ക്യാപ്റ്റൻ സൂര്യയും നിർത്താതെ കൈയ്യടിക്കുന്നത് കാണാമായിരുന്നു.