CRICKET

സൂപ്പർ 8ൽ ഇന്ത്യക്ക് ആഫ്രിക്കൻ ഷോക്ക്; അഹമ്മദാബാദിൽ തോൽവിയുടെ കയ്പുനീര്

2024 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനും ദക്ഷിണാഫ്രിക്കൻ ടീമിന് സാധിച്ചു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. 76 റൺസിൻ്റെ നാണംകെട്ട തോൽവിയാണ് നിലവിലെ ചാംപ്യന്മാർ വഴങ്ങിയത്. ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കുന്ന തകർപ്പൻ പ്രകടനമാണ് പ്രോട്ടീസ് പട ഇന്ന് പുറത്തെടുത്തത്. ഇതോടെ 2024 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനും ദക്ഷിണാഫ്രിക്കൻ ടീമിന് സാധിച്ചു.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ നീലപ്പടയുടെ മറുപടി ബാറ്റിങ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു. 42 റൺസെടുത്ത ശിവം ദുബെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൺ നാലും കേശവ് മഹാരാജ് മൂന്നും കോർബിൻ ബോഷും രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇഷാൻ കിഷനെ (0) ആദ്യ ഓവറിൽ തന്നെ എയ്ഡൻ മാർക്രം മടക്കിയതോടെ ഇന്ത്യ അപകടം മണത്തു. തൊട്ടടുത്ത ഓവറിൽ തിലക് വർമ (1) മടങ്ങിയതോടെ 5/2 എന്ന നിലയിലേക്ക് വീണു. 12 പന്തിൽ 15 റൺസെടുത്ത അഭിഷേക് ശർമ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്നിങ്സ് അധികനേരം നീണ്ടില്ല. തിലകിനേയും അഭിഷേകിനെയും മാർക്കോ ജാൻസണാണ് മടക്കിയത്.

പിന്നീടെത്തിയ സൂര്യകുമാർ യാദവിനെയും (18) വാഷിങ്ടൺ സുന്ദറിനെയും (11) കോർബിൻ ബോഷ് മടക്കിയയച്ചു. പിന്നീടുള്ള ഊഴം കേശവ് മഹാരാജിൻ്റേതായിരുന്നു. ഹാർദിക് പാണ്ഡ്യ (18), അർഷ്ദീപ് സിങ് (1), റിങ്കു സിങ് (0) എന്നിവരാണ് മഹാരാജിൻ്റെ സ്പിൻകെണിയിൽ വീണത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡിവാൾഡ് ബ്രെവിസ് (29 പന്തിൽ 45), ഡേവിഡ് മില്ലർ (35 പന്തിൽ 63) കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 57 പന്തിൽ നിന്ന് 97 റൺസാണ് വാരിയത്. വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ട്രിസ്റ്റൺ സ്റ്റബ്സ് (24 പന്തിൽ 44) ദക്ഷിണാഫ്രിക്കയുടെ സ്കോർ 180 കടത്തി. ഇന്ത്യൻ ബൌളർമാരിൽ ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി.

SCROLL FOR NEXT