ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ തനിക്ക് അത്ഭുമില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. ബിസിസിഐയുടെ യുക്തിസഹമായ തീരുമാനമാണിതെന്നും ഗവാസ്‌കര്‍ പറഞ്ഞു. 2027ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെ കേന്ദ്രീകരിച്ചാണ് ഗില്ലിനെ നായകനായി തെരഞ്ഞെടുത്തതെന്നും ഗവാസ്‌കര്‍ കരുതുന്നു.
വൈകാതെ തന്നെ ഗില്ലിനെ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റനായി നിയമിക്കുമെന്നും ഗവാസ്‌കര്‍ പറയുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവാണ്. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ഇതിനര്‍ത്ഥം ഗില്‍ വൈകാതെ തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ്.
2027 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ഗില്ലിനെ ക്യാപ്റ്റനാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഒരേ ക്യാപ്റ്റന്‍ തന്നെ വരുമെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും നല്‍കിയിരുന്നു. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍ എന്നത് പ്രായോഗികമല്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്.
എല്ലാ ഫോര്‍മാറ്റുകളിലും ടീമിന് ഒരു ക്യാപ്റ്റന്‍ മാത്രമേ ഉണ്ടാകാവൂ എന്നും ആ കളിക്കാരന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുന്ന ഉറപ്പായ അംഗമാണെങ്കില്‍ മാത്രമേ അത് സാധ്യമാകൂ എന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
പ്ലേയിങ് ഇലവനില്‍ ഉറപ്പായും ഉണ്ടാകുന്ന താരത്തിന് ക്യാപ്റ്റനാകാം. മൂന്ന് ക്യാപ്റ്റന്‍മാരുണ്ടാകുന്നത് എളുപ്പമായിരിക്കില്ല. ഒരു ഫോര്‍മാറ്റില്‍ മികവ് തെളിയിക്കുന്ന ക്യാപ്റ്റന് മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാകാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും അവസാനമായി 2025ലെ ചാംപ്യന്‍സ് ട്രോഫി പരമ്പരയിലാണ് ഇന്ത്യക്കായി കളിച്ചത്.
ഓസ്ട്രേലിയയ്ക്ക് എതിരായ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇടം നേടിയെങ്കിലും ഏകദിനത്തില്‍ വീണ്ടും തഴയപ്പെട്ടു.
ഈ വര്‍ഷം ആദ്യം ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 140 റണ്‍സിനും തകര്‍പ്പന്‍ വിജയം നേടി. കരിയറില്‍ ഇതുവരെ 55 ഏകദിനങ്ങള്‍ കളിച്ച ഗില്‍ 2775 റണ്‍സും എട്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്.