
ഡൽഹി: രോഹിത് ശർമയ്ക്ക് പകരം ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചു. പ്രതീക്ഷിച്ച പോലെ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും അവസാനമായി 2025ലെ ചാംപ്യൻസ് ട്രോഫി പരമ്പരയിലാണ് ഇന്ത്യക്കായി കളിച്ചത്.
2027ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ക്യാപ്റ്റൻ സ്ഥാനം മാറ്റിയതെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ മുഖ്യ സെലക്ടർ അജിത് അഗാർക്കർ ആണ് ഇന്ന് പ്രഖ്യാപിച്ചത്. ടി20 ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടം നേടിയെങ്കിലും ഏകദിനത്തിൽ വീണ്ടും തഴയപ്പെട്ടു.
ഏകദിന ഫോർമാറ്റിൽ ക്യാപ്റ്റൻസിയിൽ 26കാരനായ ഗില്ലിന് താരതമ്യേന അനുഭവപരിചയം കുറവാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ആറ് തവണ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. അഞ്ച് വിജയവും ഒരു തോൽവിയുമായിരുന്നു ഫലം.
ഈ വർഷം ആദ്യം ടെസ്റ്റ് ക്യാപ്റ്റനായി ഗിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പര 2-2ന് സമനിലയിൽ കലാശിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 140 റൺസിനും തകർപ്പൻ വിജയം നേടി. കരിയറിൽ ഇതുവരെ 55 ഏകദിനങ്ങൾ കളിച്ച ഗിൽ 2775 റൺസും എട്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്.