മുംബൈ: ഐപിഎല്ലിൽ വാശിയേറിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ ഞെട്ടിച്ച് പോയിൻ്റ് പട്ടികയിൽ കുതിപ്പ് തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.
ആറ് വിക്കറ്റിനാണ് സൺറൈസേഴ്സിൻ്റെ തകർപ്പൻ ജയം. ഇതോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. സീസണിൽ ആറാമത്തെ തോൽവി വഴങ്ങിയ മുംബൈ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. സ്കോർ, മുംബൈ ഇന്ത്യൻസ് 243/5 (20), സൺറൈസേഴ്സ് ഹൈദരാബാദ് 249/4 (18.4).
ഹൈദരാബാദിനായി ട്രാവിസ് ഹെഡ്ഡ് (30 പന്തിൽ 76) അഭിഷേക് ശർമ (24 പന്തിൽ 45), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65) എന്നിവർ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. മുംബൈയ്ക്കായി അഫ്ഗാൻ ബൗളർ എ.എം. ഗസൻഫാർ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ മുംബൈയ്ക്കായി റയാൻ റിക്കെൽട്ടൺ (55 പന്തിൽ 123) നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വിൽ ജാക്സ് (46), ഹാർദിക് പാണ്ഡ്യ (31), നമൻ ധിർ (22) എന്നിവർ മുംബൈയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. രണ്ട് വിക്കറ്റെടുത്ത പ്രഫുൽ ഹിംഗെയാണ് സൺറൈസേഴ്സ് ബൗളർമാരിൽ തിളങ്ങിയത്.