HARDIK PANDYA & ARSHDEEP SINGH courtesy' IPL
CRICKET

ടാറ്റ ഐപിഎൽ: ഹാർദിക് പാണ്ഡ്യ-അർഷ്ദീപ് സിംഗ് വെച്ചുമാറ്റം, നേട്ടം ആർക്ക്?

ഒറ്റനോട്ടത്തിൽ അർഷ്ദീപ് മുംബൈ ഇന്ത്യൻസിനെ ഇരട്ടി ശക്തരാക്കുമ്പോൾ ഹാർദിക്കിന്റെ വരവ് പഞ്ചാബ് കിങ്സിന്റെ സന്തുലിതാവസ്ഥയെ തകർക്കുമോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്

Author : Vivek PG

മുംബൈ: ഹാർദിക് പാണ്ഡ്യ-അർഷ്ദീപ് സിംഗ് താര കൈമാറ്റത്തിൽ മുംബൈ ഇന്ത്യൻസിന്റെ നേട്ടം പ്രത്യക്ഷമാണ്. നിലവിൽ ടി20യിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാൾ ടീമിലെത്തുന്നു. ജസ്പ്രീത് ബുംറക്കൊപ്പം അർഷ്ദീപ് ആദ്യ പതിനൊന്നിൽ എത്തുന്നതോട് കൂടി ഹർദിക്കിനെ ഓപ്പണിങ് ബോളർ ആയി കഴിഞ്ഞ സീസണുകളിൽ നടത്തിയിരുന്ന പരീക്ഷണം കൂടിയാണ് അവസാനിക്കുന്നത്.

കൂടാതെ അന്താരാഷ്ട്രതലത്തിൽ തന്നെ മികച്ച പേസ് ദ്വയങ്ങളിൽ ഒന്നായ ബുംറ-അർഷ്ദീപ് ദ്വയം മുംബൈയിലൂടെ ഐപിഎല്ലിലും ഒരുമിച്ച് കളിക്കുന്നു. ഹാർദിക്കിലൂടെയുണ്ടാവുന്ന ഓൾ റൗണ്ടർ നഷ്ടം നിലവിൽ ദേശീയ ടീമിന് വേണ്ടി തിളങ്ങുന്ന 'നമൻ ധിർ' എന്ന താരത്തിലൂടെ നികത്താം. ടീമിന്റെ സന്തുലിതാവസ്ഥ യാതൊരു തരത്തിലും നഷ്ടമാകുന്നില്ല.

എന്നാൽ പഞ്ചാബിന് സ്ഥിതി നേട്ടങ്ങളുടെ മാത്രമല്ല, കോട്ടങ്ങളുടേത് കൂടിയാണ്. ഹാർദിക്ക് ടീമിലേക്ക് വരുമ്പോൾ നഷ്ടമാകുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളെയാണ്. ഹാർദിക്കിനെ പോലൊരു താരം ടീമിലേക്ക് വരുമ്പോൾ സൂര്യാൻഷ് ഷെഡ്ഗെ പോലൊരു യുവ ഓൾറൗണ്ടർക്കാണ് ടീമിൽ സ്ഥാനമില്ലാതാവുന്നത്. കൂടാതെ 'ഡെത്ത് ഓവറു'കളിലടക്കം നിയന്ത്രണത്തോടെ പന്ത് എറിയാനാവുന്ന അർഷ്ദീപിന്റെ അസാന്നിധ്യത്തെ ആരിലൂടെ മറികടക്കാനാവുമെന്ന ചോദ്യവും. ജാൻസൺ അടക്കം അന്ത്യഓവറുകളിൽ അർഷ്ദീപിനോളം മിടുക്കുള്ളവരല്ല.

മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ഏത് ടീമും ആഗ്രഹിക്കുന്ന പ്ലെയറാണ് ട്രേഡിലൂടെ ലഭിച്ചിരിക്കുന്നതെങ്കിൽ പഞ്ചാബിന് പരിക്കും ഫോമും പിന്നോട്ട് വലിക്കുന്ന ഹാർദിക്കിനെയാണ് കിട്ടിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ അർഷ്ദീപ് മുംബൈ ഇന്ത്യൻസിനെ ഇരട്ടി ശക്തരാക്കുമ്പോൾ ഹാർദിക്കിന്റെ വരവ് പഞ്ചാബ് കിങ്സിന്റെ സന്തുലിതാവസ്ഥയെ തകർക്കുമോ എന്ന ചോദ്യം ബാക്കിയാക്കുന്നു.

SCROLL FOR NEXT