

2026 ഐപിഎൽ സീസണിൽ ഒൻപതാം സ്ഥാനക്കാരായി മുംബൈ ഇന്ത്യൻസ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ ഭാവി തുലാസിൽ. ബാറ്റർ, ബൗളർ എന്നീ നിലകളിലും നായകൻ എന്ന രീതിയിലും ഹാർദിക്ക് മാനേജ്മെൻ്റിനെ നിരാശരാക്കി എന്ന് മുംബൈ മുൻ താരവും ബാറ്റിംഗ് പരിശീലകനുമായ കീറോൺ പൊള്ളാർഡ് വ്യക്തമാക്കി. ഞായറാഴ്ച രാജസ്ഥാൻ റോയൽസുമായുള്ള തോൽവിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൊള്ളാർഡ് ടീമിൻ്റെ തകർച്ചയെ കുറിച്ചും ഹാർദിക്കിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ചും തുറന്നടിച്ചത്.
ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിൽ നിന്ന് ഫ്രാഞ്ചൈസി പ്രതീക്ഷിച്ച പ്രകടനം ലഭിച്ചില്ല എന്ന് പൊള്ളാർഡ് സമ്മതിച്ചു. " നേതൃത്വം എന്ന നിലയിൽ നോക്കുമ്പോൾ , ഹാർദിക്ക് വിചാരിച്ച പോലെ അല്ല കാര്യങ്ങൾ പോയത്. ഒരുപക്ഷെ മാനേജ്മെൻ്റ് എന്ന നിലയിൽ ഞങ്ങളാഗ്രഹിച്ച രീതിയിലും ആയിരുന്നില്ല കാര്യങ്ങൾ നടന്നത്. എന്നാൽ നിങ്ങളൊരു കാര്യം മനസ്സിലാക്കണം , ടീമിനെ നയിക്കാൻ ഞങ്ങൾ അവന് എല്ലാ വിധ പിന്തുണയും, അവസരങ്ങളും നൽകിയിരുന്നു." പൊള്ളാർഡ് പറഞ്ഞു.
എന്നാൽ തോൽവിയുടെ ഭാരം ഒരാളുടെ തലയിൽ മാത്രം കെട്ടിവെക്കാൻ കഴിയില്ലെന്നും ഇതൊരു കൂട്ടായ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും പരമാവധി ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും , അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ ശക്തരായി തിരിച്ചു വരാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സീസണിന് മുന്നോടിയായി ടീമിൽ കാര്യമായ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് പൊള്ളാർഡ് വ്യക്തമാക്കിയത്. എന്നാൽ സീനിയർ താരങ്ങളെ ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനങ്ങളില്ല എന്ന് അദ്ദേഹം പറഞ്ഞു." നിലവിലെ സാഹചര്യത്തിൽ വൈകാരികമായി തീരുമാനങ്ങൾ എടുക്കേണ്ടതില്ല. എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി വിലയിരുത്താൻ ഏല്ലാവർക്കും സമയവും സാവകാശവും ആവശ്യമാണ്. എങ്കിൽ മാത്രമേ മികച്ച തീരുമാങ്ങൾ എടുക്കാൻ കഴിയൂ" എന്നും പൊള്ളാർഡ് പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനെ പറ്റിയും പൊള്ളാർഡ് തുറന്ന് പറഞ്ഞു. ബുംറ ഇന്ത്യൻ ക്രിക്കറ്റിൻ്റെ അമൂല്യ സമ്പത്താണെന്നും, പ്ലേ ഓഫിൽ എത്താൻ കഴിയാത്ത സ്ഥിതിക്ക് ബുംറയ്‌ക്ക് വിശ്രമം കൊടുക്കാൻ തീരുമാനിച്ചത് ബുദ്ധിപരമായ തീരുമാനമായിരുന്നുവെന്നും, അതുകൊണ്ട് യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ന്യായീകരിച്ചു.
സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞില്ലെന്ന് ബാറ്റിംഗ് കോച്ച് യാതൊരു മടിയുമില്ലാതെ സമ്മതിച്ചു. തുടർച്ചയായി മത്സരങ്ങൾ വിജയിക്കാനോ , ടീമിന് ലഭിച്ച മുൻതൂക്കങ്ങൾ നിലനിർത്താനോ അവർക്ക് കഴിഞ്ഞില്ല. സീസണിൽ തങ്ങൾ കളിച്ച ക്രിക്കറ്റിൻ്റെ നിലവാരത്തിൽ, അർഹിച്ച സ്ഥാനം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ആരാധകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശാജനകമായ ഒരു സീസണിലൂടെയാണ് അവർ കടന്ന് പോയത്. വരും സീസണിൽ എന്ത് മാറ്റങ്ങളാണ് മാനേജ്മെൻ്റ് വരുത്തുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.