വനിതാ ഏകദിന ലോകകപ്പിനൊരുങ്ങി ഇന്ത്യൻ ടീം Source; X
CRICKET

വനിതാ ഏകദിന ലോകകപ്പ്; കിരീടപ്രതീക്ഷയോടെ ഹർമൻപ്രീത് കൗറും സംഘവും, ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്

ഓസ്‌ട്രേലിയെക്കെതിരായ പരമ്പരയിൽ ദീപ്തി ശർമയ്ക്കും റിച്ച ഘോഷിനും ക്യാപ്റ്റൻ ഹർമ്മൻപ്രീതിനും ഫോം കണ്ടെത്താൻ സാധിച്ചത് ഇന്ത്യക്ക് ആശ്വാസം. ജെമീമയും ഹാർലിനും ഫോം കണ്ടെത്തിയാൽ ഇന്ത്യൻ ബാറ്റിംഗ് നിര കരുത്തുറ്റതാക്കും.

Author : ന്യൂസ് ഡെസ്ക്

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്. ഇംഗ്ലണ്ടാണ് എതിരാളികൾ. വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. കന്നി കിരീടം ലക്ഷ്യമിട്ടാണ് സെപ്റ്റംബർ 30 ന് തുടങ്ങുന്ന വനിതാ ലോകകപ്പിലേക്ക് ഇന്ത്യൻ സംഘം എത്തുന്നത്. ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം ഹർമൻപ്രീത് കൗറിൻ്റെ കീഴിൽ ഏകദിന പരമ്പരകളിൽ കാഴ്ചവെച്ചത് മിന്നും പ്രകടനം. ആറ് ഏകദിന പരമ്പരയും ഒരു ത്രിരാഷ്ട്ര പാരമ്പരയുമാണ് ഇന്ത്യ കളിച്ചത്. ത്രിരാഷ്ട്ര പരമ്പരയും 4 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയപ്പോൾ ആകെ രണ്ട് പരമ്പരകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ പെൺപടയ്ക്ക് പരമ്പര നഷ്ടമായത് നിർഭാഗ്യം കൊണ്ട് മാത്രം. പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നെങ്കിൽ, രണ്ടാം ഏകദിനത്തിൽ വമ്പൻ തിരിച്ചു വരവ്. ഓസീസ് വനിതാ ടീമിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി. നിലവിലെ ജേതാക്കൾ ഇന്ത്യക്ക് മുന്നിൽ തലകുനിച്ച് മടങ്ങിയത് 102 റൺസിന്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ റൺമല തീർത്തെങ്കിൽ അതെ നാണയത്തിൽ ഇന്ത്യ മറുപടി നൽകി. 413 ലേക്ക് ബാറ്റേന്തിയ ഇന്ത്യ 43 റൺസിന് അകലെ വീണു.

ഇന്ത്യയുടെ പ്രതീക്ഷകൾ ഓപ്പണിങ്ങിൽ എത്തുന്ന ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയിലാണ്. വെടിക്കെട്ട് പ്രകടമാണ് സ്‌മൃതി ഇന്ത്യക്കായി കാഴ്ചവെക്കുന്നത്. ഐസിസി റാങ്കിങ്ങിൽ ഒന്നാമതായി തിരിച്ചെത്തിയ സ്‌മൃതി, ഓസീസിനെതിരെ 138 സ്ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത് 300 റൺസ്. പരമ്പരയിൽ നേടിയത് 2 സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും. പരമ്പരയിലെ താരവുമായി സ്‌മൃതി ഷെഫാലിക്ക് പകരം സ്മൃതിക്കൊപ്പം ഓപ്പണിങ്ങിലെത്തുന്ന പ്രതിക റാവലും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു. പകരക്കാരിയായെത്തി ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായി മാറാൻ പ്രതികയ്ക്ക് അനായാസം സാധിച്ചു.

ഓസ്‌ട്രേലിയെക്കെതിരായ പരമ്പരയിൽ ദീപ്തി ശർമയ്ക്കും റിച്ച ഘോഷിനും ക്യാപ്റ്റൻ ഹർമ്മൻപ്രീതിനും ഫോം കണ്ടെത്താൻ സാധിച്ചത് ഇന്ത്യക്ക് ആശ്വാസം. ജെമീമയും ഹാർലിനും ഫോം കണ്ടെത്തിയാൽ ഇന്ത്യൻ ബാറ്റിംഗ് നിര കരുത്തുറ്റതാക്കും. ബൗളിങ്ങിലെ പിഴവാണ് കഴിഞ്ഞ പരമ്പര ഇന്ത്യക്ക് നഷ്ടമാക്കിയത്. രേണുക സിംഗ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, സ്നേഹ് റാണ, രാധ യാദവ്, ഒപ്പം ശ്രീചരണിയും മികച്ച രീതിയിൽ പന്തെറിഞ്ഞാൽ ഒന്നുറപ്പ്. ഇന്ത്യയ്ക്ക് കന്നി കിരീടം സ്വന്തമാക്കാം

SCROLL FOR NEXT