
അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. ഫൈനലിലേക്ക് അവസാന അവസരം തേടി ഇറങ്ങുകയാണ് പാകിസ്ഥാനും ബംഗ്ലാദേശും. ജയിക്കുന്ന ടീമിന് ഫൈനലില്‍ ഇന്ത്യയെ നേരിടാം. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളില്‍ ഓരോ ജയമാണ് പാകിസ്ഥാനും ബംഗ്ലാദേശിനുമുള്ളത്. ഇന്നത്തെ കളിയില്‍ വിജയിക്കുന്നവരാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനലില്‍ കടന്നാല്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാക് മത്സരത്തിന് വഴിയൊരുങ്ങും. സെപ്റ്റംബര്‍ 28 നാണ് ഫൈനല്‍.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന് ഫൈനല്‍ പ്രതീക്ഷ നല്‍കിയത് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയതാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും ചര്‍ച്ചയായ ടൂര്‍ണമെന്റിലെ ഇന്നത്തെ വിജയം പാകിസ്ഥാന് അഭിമാനപ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ഫൈനലില്‍ എത്തേണ്ടത് പാക് ക്രിക്കറ്റിന്റെ മാത്രം ആവശ്യമല്ല.
അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയോട് ഏറ്റ പരാജയത്തോടെ ഫൈനലില്‍ എത്താന്‍ ബംഗ്ലാദേശിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പാകിസ്ഥാനെ തോല്‍പ്പിച്ച് ഫൈനലില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി നേരിടുക എന്നതാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ എത്തിയത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു. പക്ഷേ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് തോറ്റു.
ഏഷ്യാ കപ്പ് നേടുന്നതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പാക് പേസര്‍ ഷഹീന്‍ അഫ്രീദി പറഞ്ഞത്. ജയിക്കാന്‍ വേണ്ടിയാണ് എത്തിയത്. ഫൈനലില്‍ ഏത് ടീം വന്നാലും അവരെ തോല്‍പ്പിച്ച് കപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞിരുന്നു.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.