ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ന്യൂസിലൻഡ് ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലും ഏകദിന പരമ്പരയുടെ ട്രോഫിക്ക് അരികിൽ. 
CRICKET

IND vs NZ | യുവതാരത്തെ ടീമിലെടുത്തതിൽ പ്രതിഷേധം ശക്തം, മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം

ബുധനാഴ്ച ഇന്ത്യ-ന്യൂസിലൻഡ് രണ്ടാ ഏകദിനം രാജ്കോട്ടിൽ നടക്കാനിരിക്കെയാണ് ആയുഷ് ബദോനിയെ ബിസിസിഐ ടീമിലെത്തിച്ചത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഓൾറൗണ്ടർ ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനം വിവാദമായിരുന്നു. തമിഴ്‌നാട്ടുകാരനായ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിന് പിന്നാലെയാണ് ഡൽഹിയുടെ താരമായ ബദോനിയെ ഇന്ത്യൻ ടീമിലേക്ക് വിളിപ്പിച്ചത്.

റിയാൻ പരാഗ്, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ തഴഞ്ഞാണ് ആയുഷിനെ ടീമിലേക്ക് പരിഗണിച്ചത് എന്നതാണ് വിവാദങ്ങൾക്ക് പിന്നിലെ കാരണമായി ക്രിക്കറ്റ് പണ്ഡിറ്റുകൾ ഉയർത്തിക്കാട്ടുന്നത്. ബുധനാഴ്ച ഇന്ത്യ-ന്യൂസിലൻഡ് രണ്ടാ ഏകദിനം രാജ്കോട്ടിൽ നടക്കാനിരിക്കെയാണ് ആയുഷ് ബദോനിയെ ടീമിലെത്തിച്ചത്.

ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്

അതേസമയം, ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് രംഗത്തെത്തി. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഇന്ത്യ എയ്ക്ക് വേണ്ടി ലഭിച്ച അവസരങ്ങളിലും, ഇന്ത്യൻ പ്രീമിയർ ലീഗിലും ബദോനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് കൊട്ടക് ചൂണ്ടിക്കാട്ടി. ഡൽഹി താരത്തിൻ്റെ വലംകൈയ്യൻ ഓഫ് ബ്രേക്കുകളാണ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനാകാൻ താരത്തെ അനുയോജ്യനാക്കുന്നതെന്നും ബാറ്റിങ് കോച്ച് ചൂണ്ടിക്കാട്ടി.

ആയുഷ് ബദോനി

"ആയുഷ് ബദോനി മികച്ച കളിക്കാരനാണ്. ഇന്ത്യ എ ടീമിനായി കളിക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. താരങ്ങളെ തെരഞ്ഞെടുക്കുന്നത് ബിസിസിഐയുടെ സെലക്ടർമാരാണ്. വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റ സാഹചര്യത്തിൽ അഞ്ച് ബൗളർമാരുമായി മാത്രം ടൂർണമെൻ്റിൽ മുന്നോട്ടുപോകാനാകില്ല. കഴിഞ്ഞ മാച്ചിൽ നാലോ അഞ്ചോ ഓവർ എറിഞ്ഞപ്പോഴേക്കും സുന്ദറിന് പരിക്ക് പറ്റി. ശേഷിക്കുന്ന അഞ്ച് ഓവറുകൾ ആരാണ് എറിയേണ്ടത്? ഇത്തരം സാഹചര്യങ്ങളിൽ അഞ്ച് ബൗളർമാർ മാത്രം പോരാതെ വരും. എല്ലാ ടീമുകളിലും ആറാമതൊരു ബൗളിങ് ഓപ്ഷൻ കൂടി ടീമിൽ ഉറപ്പിക്കേണ്ടതുണ്ട്. ചിലപ്പോൾ അത് വാഷിങ്ടൺ സുന്ദറിനെ പോലൊരു ഓൾറൗണ്ടറാകാം. ചിലപ്പോൾ അത്യാവശ്യം നന്നായി ബൗൾ ചെയ്യാനുമറിയുന്ന ഒരു മികച്ച ബാറ്ററുമാകാം. അത്യാവശ്യഘട്ടങ്ങളിൽ നാലോ അഞ്ചോ ഓവറുകളും എറിയേണ്ടതായി വന്നേക്കാം. ബദോനി ഇന്ത്യ എ ടീമിനായി ഇതിനോടകം നിരവധി ഫിഫ്റ്റികൾ നേടിയ താരമാണ്. അയാൾക്ക് നന്നായി പന്തെറിയാനുമാകും. വൈറ്റ് ബോൾ ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്. ദേശീ ടീമിനൊപ്പവും ബദോനിക്ക് മികച്ച പ്രകടനം നടത്താനാകട്ടെ എന്ന് ആശംസിക്കുന്നു," ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് പറഞ്ഞു.

ആരാണ് ആയുഷ് ബദോനി?

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ ഓൾറൗണ്ടറായ ആയുഷ് ബദോനി ഇതുവരെ 27 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 36.47 ശരാശരിയിൽ 693 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടെ 93ലേറെ സ്ട്രൈക്ക് റേറ്റും താരത്തിന് നേടാനായിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളിലെ മികച്ച വ്യക്തിഗത സ്കോർ 100 റൺസാണ്. 29.72 ശരാശരിയിലും 4.54 ഇക്കണോമി റേറ്റിലും 18 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മികച്ച പ്രകടനം 3/29 ആണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ചത് 2021 ജനുവരി 11നാണ്. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് ബദോനിയെ വാങ്ങി. 2024 ഓഗസ്റ്റിൽ ഡൽഹി പ്രീമിയർ ലീഗ് മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസിനായി 55 പന്തിൽ നിന്ന് എട്ട് ഫോറുകളും 19 സിക്സറുകളും ഉൾപ്പെടെ 165 റൺസ് ബദോനി നേടിയിരുന്നു. 2024ൽ ജാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആയുഷ് ബദോനി 216 പന്തിൽ നിന്ന് 205 റൺസ് നേടിയിരുന്നു.

ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനായി 56 ഐപിഎൽ മത്സരങ്ങളിലെ 46 ഇന്നിംഗ്‌സുകളിൽ നിന്നായി 26.75 ശരാശരിയിൽ 963 റൺസ് നേടിയിട്ടുണ്ട്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മധ്യനിര ബാറ്ററായ ബദോനി 138.56 സ്‌ട്രൈക്ക് റേറ്റിനൊപ്പം ആറ് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 74 റൺസാണ് ഉയർന്ന സ്കോർ.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക എ ടീമിൻ്റെ ഇന്ത്യാ പര്യടനത്തിൽ, ബദോനി രണ്ടാം ഏകദിനത്തിൽ 66 റൺസ് നേടി നേടിയിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിൽ 0/15 (നാല് ഓവർ) , 0/43 (ഏഴ് ഓവർ) സ്പെല്ലുകൾ ബൗൾ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ എയുടെ ഇന്ത്യാ പര്യടനത്തിൽ, 16.33 ശരാശരിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബദോനി, ഒരു ഇന്നിംഗ്‌സിൽ 21 റൺസും നേടി.

SCROLL FOR NEXT