രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിലെ ആദ്യ പരമ്പരയിൽ ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്ന് രാവിലെ 10 മണിക്കാണ് ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയുടെ കിരീട വിജയത്തിൻ്റെ ആവേശം കെട്ടടങ്ങും മുൻപേയാണ് അടുത്ത ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമാവുന്നത്.
ഒമ്പത് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ 71 മത്സരങ്ങളാണ് ഉള്ളത്. ജൂൺ 20ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ മത്സരങ്ങൾക്കും തുടക്കമാകും. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളോട് ഇന്ത്യയിലും ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകളുമായി വിദേശ പര്യടനവുമാണ് ഇന്ത്യക്കുള്ളത്. ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യയിൽ നടക്കുന്നതിനാൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മുൻതൂക്കം ലഭിക്കും.
നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളിലാണ് കളിക്കുന്നത്. പാകിസ്ഥാനെതിരെ ഒക്ടോബറിലാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. 22 ടെസ്റ്റുകൾ കളിക്കുന്ന ഓസ്‌ട്രേലിയക്കാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ. പോയിന്റ് ശതമാനം കണക്കിലെടുത്ത് മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് കലാശപ്പോരിലെത്തുക.
ഇത്തവണ മുതൽ ബോണസ് പോയിന്റ് നടപ്പാക്കാൻ ഐസിസി ആലോചിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. നിലവിൽ ജയത്തിന് 12 പോയിന്റും മത്സരം ടൈ ആയാൽ ആറും സമനിലയ്ക്ക് നാലും പോയിന്റുകളാണ് നൽകിയിരുന്നത്. ഇതേ തുടർന്നാണ് വമ്പൻ ജയങ്ങൾക്ക് ബോണസ് പോയിന്റ് നൽകാൻ ആലോചിച്ചിരുന്നത്.