ടീം ഇന്ത്യ  Image: Asia Cup
CRICKET

'ഒന്നാം റാങ്കുകാരാണ്, പക്ഷെ മൂന്നാംകിട പെരുമാറ്റം'; ഏഷ്യാകപ്പ് ട്രോഫി ഇന്ത്യക്ക് കൊടുക്കരുതെന്ന് മുന്‍ പാക് താരം

ഒന്നാം നമ്പര്‍ ടീമാണ്, നന്നായി കളിച്ചു ജയിച്ചു. പക്ഷേ, എന്തിനാണ് ഈ ശാഠ്യം എന്നും ചോദ്യം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യക്ക് ട്രോഫി നല്‍കരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് മുഹ്‌സിന്‍ നഖ്‌വിയോട് മുന്‍ പാക് താരം ബാസിത് അലി. നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോകാതെ ട്രോഫി നല്‍കരുതെന്നാണ് ബാസിത് അലി ആവശ്യപ്പെട്ടത്.

ഒന്നാം റാങ്കുകാരാണെങ്കിലും ഇന്ത്യന്‍ ടീമംഗങ്ങളുടേത് മൂന്നാംകിട പെരുമാറ്റമാണെന്നും ബാസിത് അലി പറഞ്ഞു. ട്രോഫി മുഹ്‌സിന്‍ നഖ്‌വി തന്നെ നല്‍കണം. ഇന്ത്യ ട്രോഫി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലോകത്തിന് മുന്നില്‍ നാണംകെടും. ട്രോഫി കൈമാറരുതെന്നും ബാസിത് അലി പാകിസ്ഥാന്‍ ചാനലായ ആരിന്യൂസ് ടിവിയോട് പ്രതികരിച്ചു.

ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചാല്‍ അതും തെറ്റായ മാതൃകയാണ്. അപ്പോള്‍ പാകിസ്ഥാനേയും താന്‍ വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം നമ്പര്‍ ടീമാണ്, നന്നായി കളിച്ചു ജയിച്ചു. പക്ഷേ, എന്തിനാണ് ഈ ശാഠ്യം? ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനാണ് മുഹ്‌സിന്‍ നഖ്‌വി. ഒരു ഐസിസി ഇവന്റില്‍ ജയ് ഷായില്‍ നിന്ന് ട്രോഫി വാങ്ങാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചാല്‍, അവിടെ തെറ്റുകാര്‍ പാകിസ്ഥാന്‍ ടീമാകുമെന്നും ബാസിത് ചൂണ്ടിക്കാട്ടി.

ഏഷ്യാ കപ്പ് ട്രോഫി തര്‍ക്കവുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം നടന്ന എസിസി യോഗത്തില്‍ നഖ്‌വിയും ബിസിസിഐ പ്രതിനിധികളായ ആശിഷ് ഷെലാറും രാജീവ് ശുക്ലയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ട്രോഫി ഇന്ത്യക്ക് നല്‍കുകയോ എസിസി ആസ്ഥാനത്ത് എത്തിക്കാനോ ആണ് ബിസിസിഐ പ്രതിനിധികള്‍ നഖ് വിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ ഒരു വ്യക്തമായ മറുപടി നഖ്‌വി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു ശേഷം സോഷ്യല്‍മീഡിയയിലൂടെ നഖ്‌വി തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. ബിസിസിഐയോട് താന്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്നും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നുമാണ് നഖ് വി പറഞ്ഞത്. ഇന്ത്യക്ക് ട്രോഫി വേണമെങ്കില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എസിസി ആസ്ഥാനത്ത് എത്തി തന്നില്‍ നിന്നും സ്വീകരിക്കണമെന്നാണ് നഖ്‌വിയുടെ ആവശ്യം.

SCROLL FOR NEXT